ടൗൺ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 2 ന് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ്റെ നിരാഹാരസമരം ; വിഷയത്തിൽ നഗരസഭയുടെയും വാർഡ് കൗൺസിലറുടെയും അനാസ്ഥയും വീഴ്ചയെന്നും വിമർശനം.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനത്തിൽ നിരാഹാരസമരം നടത്തുന്നു. രാവിലെ 7 മുതൽ വൈകീട്ട് 6 വരെ പ്രതീക്ഷാഭവൻ റോഡിന് സമീപം നടത്തുന്ന നിരാഹാര സമരം പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. ക്രൈസ്റ്റ് കോളേജ് റോഡിലെ കാന നിർമ്മാണം പൂർത്തീകരിക്കുക, വെള്ളക്കെട്ടിന് പരിഹാരം കാണുക, പെരുംതോട്ടിലെ കയ്യേറ്റങ്ങൾ ഒഴിവാക്കി തോട് പൂർവസ്ഥിതിയിലാക്കി പ്രദേശത്തെ വീടുകളിലെയും റോഡിലെയും വെള്ളക്കെട്ട് ഒഴിവാക്കുക, പാറപ്പുറം കുളം മുതൽ പെരുംതോട് വരെ മൂന്ന് മീറ്റർ വീതിയുള്ള തോട് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരമെന്ന് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് തോംസൺ ചിരിയങ്കണ്ടത്ത്, സെക്രട്ടറി ഷാജു കണ്ടംകുളത്തി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിഷയത്തിൽ നഗരസഭയുടെയും വാർഡ് കൗൺസിലറുടെയും അനാസ്ഥയും വീഴ്ചയും ഉണ്ടായിട്ടുണ്ട്. ബൈപ്പാസ് റോഡ് ഇരുവശങ്ങളിലും നിയമവിരുദ്ധമായി മണ്ണിട്ട് നികത്തുന്ന പ്രവ്യത്തികൾ ഉണ്ടെങ്കിൽ നഗരസഭയും കൃഷി വകുപ്പും നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അസോസിയേഷൻ ട്രഷറർ മാത്യു ജോർജ്, കമ്മിറ്റി അംഗളായ ബെന്നി പള്ളായി, സക്കീർ ഓലക്കോട്ട് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.