282 പട്ടയങ്ങളുടെ വിതരണവുമായി മുകുന്ദപുരം താലൂക്ക്തല പട്ടയമേള ; ഭൂമി തരം മാറ്റത്തിനായുള്ള അപേക്ഷകൾ തീർപ്പാക്കാൻ ഒക്ടോബർ 25 മുതൽ താലൂക്കുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ; അപേക്ഷകൾ പരിഗണിക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്കും അധികാരം നൽകുമെന്നും മന്ത്രി…

282 പട്ടയങ്ങളുടെ വിതരണവുമായി മുകുന്ദപുരം താലൂക്ക്തല പട്ടയമേള ; ഭൂമി തരം മാറ്റത്തിനായുള്ള അപേക്ഷകൾ തീർപ്പാക്കാൻ ഒക്ടോബർ 25 മുതൽ താലൂക്കുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ; അപേക്ഷകൾ പരിഗണിക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്കും അധികാരം നൽകുമെന്നും മന്ത്രി.

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിനായുള്ള രണ്ടര ലക്ഷം അപേക്ഷകൾ തീർപ്പാക്കാൻ ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്കുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ അറിയിച്ചു. മുകുന്ദപുരം താലൂക്ക് തല പട്ടയമേളയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.25 സെൻ്റിന് താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക. സംസ്ഥാനത്തെ 27 ആർഡിഒ മാർക്ക് പുറമേ ഡപ്യൂട്ടി കളക്ടർമാർക്ക് കൂടി തരം മാറ്റ അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്. കുറഞ്ഞ കാലം കൊണ്ട് കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞ കാലഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. മൂന്ന് വർഷം കൊണ്ട് 1,80,000 ത്തിൽ അധികം പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. പട്ടയ ഡാഷ് ബോർഡിൽ ഉൾപ്പെട്ടിട്ടുള്ള വേളൂക്കര വില്ലേജിലെ 43 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, നഗരസഭ വൈസ്-ചെയർമാൻ ബൈജു കുറ്റിക്കാൻ, ബ്ലോക്ക് പ്രസിഡണ്ടുമാരായ ലളിത ബാലൻ, സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സ്വാഗതവും ആർഡിഒ ഡോ എം സി റെജിൽ നന്ദിയും പറഞ്ഞു. ദേവസ്വം, ലാൻ്റ് ട്രിബ്യൂണൽ, താലൂക്ക് വിഭാഗങ്ങളിലായി 282 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

Please follow and like us: