വജ്രജൂബിലി നിറവിൽ കെഎസ്ഇ ലിമിറ്റഡ് ; പ്രാദേശിക സാമ്പത്തിക വികസനത്തിൽ കെഎസ്ഇ നിർണ്ണായകമായ പങ്ക് വഹിച്ചതായി മന്ത്രി ഡോ ആർ ബിന്ദു..
ഇരിങ്ങാലക്കുട : വ്യാവസായികരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ എസ്ഇ ലിമിറ്റഡിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയതോടെ സംസ്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം വന്ന് കഴിഞ്ഞു. ഒട്ടേറെ പേർക്ക് തൊഴിലും ജീവിതവും നൽകുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിന് കെഎസ്ഇ ലിമിറ്റഡ് കമ്പനി നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇ അങ്കണത്തിൽ നടന്ന ചടങ്ങിൽ കമ്പനി ചെയർമാൻ ടോം ജോസ് ഐഎഎസ് (റിട്ട) അധ്യക്ഷത വഹിച്ചു. പ്രമോട്ടർ ഡയറക്ടർ അഡ്വ എ പി ജോർജ്ജ്, ആദ്യകാല ജീവനക്കാരൻ ആൻ്റു എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ സോണിയ ഗിരി, വിവിധ യൂണിയൻ പ്രതിനിധികളായ വി എ മനോജ് കുമാർ, സോമൻ ചിറ്റേത്ത് , പി ഗോപിനാഥ്, കോക്കനട്ട് ഓയിൽ ആൻ്റ് കൊപ്ര പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡണ്ട് പി സതീശൻ, കമ്പനി അസി. ജനറൽ മാനേജർ അജോയ് ആൻ്റോ ബേബി എന്നിവർ ആശംസകൾ നേർന്നു. കെഎസ്ഇ മാനേജിംഗ് ഡയറക്ടർ എം പി ജാക്സൺ സ്വാഗതവും ജനറൽ മാനേജർ അനിൽ എം നന്ദിയും പറഞ്ഞു.