പട്ടണത്തിലെ തകർന്ന കിടക്കുന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം…

പട്ടണത്തിലെ തകർന്ന കിടക്കുന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; പ്രതിപക്ഷത്തിൻ്റെ വിയോജനക്കുറിപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നും അജണ്ടകൾ പാസ്സാക്കുന്ന ഘട്ടത്തിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്നും നഗരസഭ ഭരണനേതൃത്വം

 

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പട്ടണത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ നഗരസഭ യോഗത്തിൽ തീരുമാനം. ഇതിനായി തനത് ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ ചിലവഴിക്കും. സണ്ണി സിൽക്സ് റോഡ്, ഫയർ സ്റ്റേഷൻ റോഡ്, ഫാ ഡിസ്മാസ് റോഡ്, ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ റോഡ് എന്നീ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താനാണ് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഭരണ സമിതി അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോയ വിഷയത്തെ ചൊല്ലി യോഗ നടപടികൾ സ്തംഭിച്ചുവെങ്കിലും അജണ്ടകൾ എല്ലാം ചർച്ച കൂടാതെ തന്നെ പാസ്സാക്കി എടുത്തിരുന്നു. പ്രതിപക്ഷത്ത് നിന്നും എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും ബിജെപി അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്ന ഘട്ടത്തിലാണ് ഇവ പാസ്സാക്കിയെടുത്തത്. ടൗൺ ഹാളിൽ മലിനജല സംസ്കരണ പ്ലാൻ്റിനായി 47 ലക്ഷം ചിലവഴിക്കാനും ഠാണാ റോഡ് വികസനത്തിന് വേണ്ടി നഗരസഭ വക കെട്ടിടങ്ങൾ പൊളിച്ച് നീക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. അജണ്ടകൾ പാസ്സാക്കിയത് സംബന്ധിച്ച് പ്രതിപക്ഷത്ത് നിന്ന് ഇരുകൂട്ടരും വിയോജന കുറിപ്പ് നൽകിയിരുന്നു. അജണ്ടകൾ പാസ്റ്റാക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു. എന്നാൽ അജണ്ടകൾ പാസ്സാക്കിയ വേളയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്നാണ് നഗരസഭ അധികൃതർ വ്യക്തമാക്കുന്നത്.

Please follow and like us: