കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി നിറവിൽ; സെപ്റ്റംബർ 28 ന് വ്യവസായ മന്ത്രി പി രാജീവ് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
ഇരിങ്ങാലക്കുട : കേരളത്തിലെ ക്ഷീര കാർഷിക മേഖലയിലെ സജീവ സാന്നിധ്യമായ കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി നിറവിൽ. ആറ് പതിറ്റാണ്ടുകൾ പിന്നിട്ട കെഎസ്ഇ ലിമിറ്റഡിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ 28 ന് വൈകീട്ട് 4.30 ന് കമ്പനി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ , നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിക്കും. നേരത്തെ കമ്പനിയുടെ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള ജീവനക്കാരും തൊഴിലാളികളും പങ്കെടുക്കുന്ന റാലി കത്തീഡ്രൽ അങ്കണത്തിൽ നിന്നും ആരംഭിച്ച് കമ്പനിയിൽ സമാപിക്കും. മധ്യകേരളത്തിൽ ഇരിങ്ങാലക്കുടയിൽ ഉടലെടുത്ത കമ്പനിക്ക് കാലിത്തീറ്റ വിപണിയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ എം പി ജാക്സൻ, എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 1900 കോടി വിറ്റുവരവുള്ള കമ്പനി നാടിൻ്റെ ആവശ്യം കണ്ടറിഞ്ഞുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. വയനാട് ദുരന്ത ഘട്ടത്തിൽ ക്ഷീര കർഷകർക്ക് 1500 ചാക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്യാനും കെഎസ്ഇ ലിമിറ്റഡിന് കഴിഞ്ഞു. വജ്ര ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി സെപ്റ്റംബർ 26 ന് എംസിപി കൺവെൻഷൻ സെന്ററിൽ നടക്കുന്ന അഖില കേരള ക്ഷീര കർഷക സെമിനാർ നടക്കും. ജനറൽ മാനേജർ എം അനിൽ, അസി. ജനറൽ മാനേജർ എം പി അനിൽകുമാർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.