പട്ടണഹൃദയത്തിലെ വസ്ത്രശാലയിൽ തീപ്പിടുത്തം; മുരുകൻ സിൽക്സ് ആൻ്റ് സാരീസിലെ പുറകിലെ ഗോഡൗണിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ജനറേറ്ററും കത്തിനശിച്ചു; പത്ത് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഷോറും അധികൃതർ…

പട്ടണഹൃദയത്തിലെ വസ്ത്രശാലയിൽ തീപ്പിടുത്തം; മുരുകൻ സിൽക്സ് ആൻ്റ് സാരീസിലെ പുറകിലെ ഗോഡൗണിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ജനറേറ്ററും കത്തിനശിച്ചു; പത്ത് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഷോറും അധികൃതർ

 

ഇരിങ്ങാലക്കുട :പട്ടണഹൃദയത്തിലെ വസ്ത്രശാലയിൽ തീപ്പിടുത്തം. കൂടൽമാണിക്യം ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന മുരുകൻ സിൽക്സ് ആൻ്റ് സാരീസിലാണ് വൈകീട്ട് അഞ്ചരയോടെ തീപ്പിടുത്തം ഉണ്ടായത്. ഷോറൂമിൻ്റെ പുറകിലെ ഗോഡൗണിനോട് ചേർന്ന് ഷീറ്റ് കൊണ്ട് മറച്ചിരുന്ന മുറിയിൽ പ്രവർത്തിച്ചിരുന്ന ജനറേറ്ററിനാണ് തീ പിടിച്ചത്. ഇത് വഴി നടന്നു പോയിരുന്ന പരിസരവാസി പുക ഉയരുന്നത് കണ്ട് കടഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നും എത്തിയ രണ്ട് ഫയർ യൂണിറ്റുകളുടെ നേത്യത്വത്തിലാണ് തീയണച്ചത്. ജനറേറ്ററും വസ്ത്രശാലയുടെ ഗോഡൗണിൻ്റെ പുറകിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും പൂർണ്ണമായി കത്തി നശിച്ചു. ജനറേറ്റർ പ്രവർത്തിച്ചിരുന്ന മുറിയിൽ ഒരു സ്കൂട്ടറും സൈക്കിളും ഉണ്ടായിരുന്നതായും ഇവയും കത്തിനശിച്ചതായി ഫയർ യൂണിറ്റിലെ ജീവനക്കാർ പറഞ്ഞു. സംഭവ സമയത്ത് ഉടമയും മൂന്ന് ജീവനക്കാരും കടയിൽ ഉണ്ടായിരുന്നു. പുറകിൽ നിന്നുള്ള പുക ഷോറൂമിൻ്റെ മുൻവശത്തേക്കും എത്തിയിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും ഓണവ്യാപാരം കണക്കിലെടുത്ത് എത്തിച്ച സ്റ്റോക്ക് ആണ് കത്തിനശിച്ചതെന്നും പത്ത് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഉടമ ഷൺമുഖം പറഞ്ഞു. സംഭവ സമയത്ത് വൈദ്യുതി ഉണ്ടായിരുന്നുവെന്നും ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ ഷട്ടർ ഇളക്കി മാറ്റിയാണ് ഫയർ ഫോഴ്സ് ടീമംഗങ്ങൾ അകത്ത് കയറിയത്.അകത്ത് കയറിയത്. ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള മുരുകൻ സിൽക്സിൻ്റെ നവീകരിച്ച ഷോറൂം മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്. ഇരിങ്ങാലക്കുട സിഐ അനീഷ് കരീമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ലീഡിംഗ് ഫയർമാൻ സജയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഫയർ യൂണിറ്റിൽ നിന്നുള്ള അഞ്ച് പേരും കൊടുങ്ങല്ലൂർ യൂണിറ്റിലെ ഫയർമാൻ സുധൻ്റെ നേത്യത്വത്തിൽ ഉള്ള സംഘത്തിൽ നാല് പേരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Please follow and like us: