ദീർഘദൂര സർവീസുകളുടെ സ്റ്റോപ്പുകൾ നിറുത്തലാക്കിയത് വരുമാന വർധനവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് തിരിച്ചടിയായെന്ന് യാത്രക്കാർ; അമൃത് പദ്ധതി ഡിസംബറിനുളളിൽ യാഥാർഥ്യമായില്ലെങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും പാസ്സഞ്ചേഴ്സ് അസോസിയേഷൻ …

ദീർഘദൂര സർവീസുകളുടെ സ്റ്റോപ്പുകൾ നിറുത്തലാക്കിയത് വരുമാന വർധനവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് തിരിച്ചടിയായെന്ന് യാത്രക്കാർ; അമൃത് പദ്ധതി ഡിസംബറിനുളളിൽ യാഥാർഥ്യമായില്ലെങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും പാസ്സഞ്ചേഴ്സ് അസോസിയേഷൻ .

 

ഇരിങ്ങാലക്കുട : കോവിഡ് കാലത്ത് സ്റ്റോപ്പ് നിറുത്തലാക്കിയ അഞ്ച് ദീർഘദൂര സർവീസുകൾ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വരുമാന വർധനയിൽ തിരിച്ചടിയായെന്ന് റെയിൽവേ യാത്രക്കാർ. തിരുവനന്തപുരം ഡിവിഷൻ്റെ 2023 – 24 സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം ജില്ലയിൽ തൃശ്ശൂർ കഴിഞ്ഞാൽ നാലാം സ്ഥാനത്താണ് വരുമാനത്തിൻ്റെയും യാത്രക്കാരുടെയും കാര്യത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ. ഗുരുവായൂരും ചാലക്കുടിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ദീർഘദൂര സർവീസുകൾ നിറുത്തലാക്കിയതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അമൃത് പദ്ധതിയുടെ ഭാഗമായി നടത്തി കൊണ്ടിരിക്കുന്ന ഭൗതികസൗകര്യങ്ങളുടെ വികസനവും വരുമാന വർധനവിലും യാത്രക്കാരുടെ വർധനവിലും ചാലക്കുടിയെ തുണച്ചതായി പാസ്സഞ്ചേഴ്സ് അസോസിയേഷൻ വിലയിരുത്തുന്നു. 14. 45 ലക്ഷം യാത്രക്കാരും 6 .91 കോടി വരുമാനവുമാണ് 2023-24 സാമ്പത്തിക വർഷത്തിൽ ചാലക്കുടി റെയിൽവേ സ്റ്റേഷൻ നേടിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിൽ ഈ കണക്കുകൾ 11. 60 ലക്ഷവും 5.89 കോടിയുമാണ്. കഴിഞ്ഞ പത്ത് വർഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച എംപി മാർ സ്റ്റേഷനെ അവഗണിച്ചതിൻ്റെ പ്രതിഫലനമാണ് കണക്കുകളിൽ തെളിയുന്നതെന്നും വിമർശനമുണ്ട്. നിറുത്തലാക്കിയ ദീർഘദൂര സർവീസുകളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിക്കേണ്ടതും അമൃത് പദ്ധതി നടപ്പിലാക്കേണ്ടതും സ്റ്റേഷൻ്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കോഫി ഷോപ്പിനായി ഉടൻ തന്നെ ടെണ്ടർ വിളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അമ്യത് പദ്ധതി പ്രഖ്യാപനം ഡിസംബർ മാസത്തിനുള്ളിൽ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കി കഴിഞ്ഞു.

Please follow and like us: