കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു; അപകടം വെള്ളിയാഴ്ച ഉച്ചയോടെ
ഇരിങ്ങാലക്കുട : പ്ലസ് വൺ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിഭാഗം വിദ്യാർഥി കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാർത്ഥൻ്റെയും മൃദുലയുടെയും മകൻ നിഖിൽ (16) ആണ് മരിച്ചത്. രണ്ട് മണിയോടെയാണ് സംഭവം. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് സ്കൂളിൻ്റെ പുറക് ഭാഗത്തുള്ള കുളത്തിൽ എത്തിയതായിരുന്നു. നീന്തൽ വശമില്ലാത്ത നിഖിൽ കരയ്ക്ക് ഇരിക്കുകയായിരുന്നു.കൂട്ടുകാർ നീന്തുന്നത് നോക്കി നില്‍ക്കുന്നതിനിടെ നിഖിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പറയുന്നു. രക്ഷപ്പെടുത്താൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കാട്ടൂർ പോലീസും ഇരിങ്ങാലക്കുട ഫയർ ഫോഴ്സും തിരച്ചിൽ നടത്തി വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്.