സർക്കാർ ഓഫീസുകളിൽ ജൈവമാലിന്യസംസ്കരണത്തിന് പദ്ധതിയുമായി ഇരിങ്ങാലക്കുട നഗരസഭ; എറോബിക് കബോസ്റ്റ് യൂണിറ്റ് പദ്ധതി നടപ്പിലാക്കാന്നത് പതിനൊന്ന് ഓഫീസുകളിൽ
ഇരിങ്ങാലക്കുട : സർക്കാർ ഓഫീസുകളിൽ മാലിന്യ സംസ്കരണ പദ്ധതിയുമായി നഗരസഭ. സ്വച്ഛ് ഭാരത് മിഷൻ്റെ കീഴിൽ കേന്ദ്ര-സംസ്ഥാന- തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തതോടെയാണ് മാലിന്യ സംസ്കരണം വിഷയം നേരിടുന്ന സർക്കാർ ഓഫീസുകളിൽ തുമ്പൂർമുഴി മോഡലിൽ എറോബിക് കംബോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്. ജൈവമാലിന്യങ്ങൾ അറുപത് ദിവസങ്ങൾ കൊണ്ട് വളമാക്കി മാറ്റുന്നതാണ് പദ്ധതി. ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ സർക്കാർ ഓഫീസുകളിൽ പദ്ധതികൾ ഇല്ലാതിരിക്കുകയും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ പരിധിയിലെ പതിനൊന്ന് സർക്കാർ ഓഫീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് രണ്ടേകാൽ ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ഇരിങ്ങാലക്കുട മൃഗാശുപത്രി, സിവിൽ സ്റ്റേഷൻ, ആർഡിഒ ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇതിനകം പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തഹസിൽദാർ സിമീഷ് സാഹൂ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ഫെനി എബിൻ, ജെയ്സൻ പാറേക്കാടൻ , അഡ്വ ജിഷ ജോബി , നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക്, മുനിസിപ്പൽ എഞ്ചിനീയർ ആർ സന്തോഷ്, ഹെൽത്ത് സൂപ്രവൈസർ കെ ജി അനിൽ തുടങ്ങിയവർ പങ്കെടുത്തു.