ബൈപ്പാസ് റോഡിനെയും ബ്രദർ മിഷൻ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണത്തിനായി ഇരിങ്ങാലക്കുട നഗരസഭ 25 സെൻ്റ് സ്ഥലം ഏറ്റെടുക്കും; പദ്ധതിക്കായി പണം വകയിരുത്താനും നഗരസഭ യോഗത്തിൽ തീരുമാനം; പദ്ധതി യാഥാർഥ്യമാകുന്നതോടെ ഠാണാവിലെ ഗതാഗത കുരുക്കിന് പരിഹാരമാകാമെന്ന് നഗരസഭ അധികൃതർ
ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡ് -പൂതംകുളം ജംഗ്ഷനിൽ നിന്നും ബ്രദർ മിഷൻ റോഡിലേക്ക് കണക്ടിംഗ് റോഡ് നിർമ്മിക്കാനും ഇതിനായി 25 സെൻ്റ് സ്ഥലം ഏറ്റെടുക്കാനും നഗരസഭ യോഗത്തിൽ തീരുമാനം. പന്ത്രണ്ട് പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം ഏറ്റെടുക്കുന്നത്. പദ്ധതിക്കായി പണം വകയിരുത്താൻ യോഗം തീരുമാനിച്ചു. ഠാണാവിലെ ഗതാഗതകുരുക്കിന് പദ്ധതി നടപ്പിലാകുന്നതോടെ പരിഹാരമാകുമെന്ന് നഗരസഭ ചെയർപേഴ്സൺ യോഗത്തിൽ അറിയിച്ചു.
നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയ കരാറുകാർക്ക് ബില്ലുകൾ സമയബന്ധിതമായി നൽകുന്നതിലെ വീഴ്ചയെ ചൊല്ലി യോഗത്തിൽ വീണ്ടും വിമർശനം ഉയർന്നു. 28 ബില്ലുകൾ നല്കിയിട്ടുണ്ടെന്നും ഇവ പാസ്സായതായും മുനിസിപ്പൽ അസി. എഞ്ചിനീയർ അറിയിച്ചു. എന്നാൽ കരാറുകാർ ബില്ലുകൾക്കായി രാവിലെ മുതൽ നഗരസഭ ഓഫീസിൽ കയറിയിറങ്ങുന്ന അവസ്ഥ തുടരുകയാണെന്നും പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ എറ്റെടുക്കാൻ ആരും തയ്യാറാകാത്ത അവസ്ഥയാണെന്നും ബിജെപി അംഗങ്ങളായ ടി കെ ഷാജു, സന്തോഷ് ബോബൻ എന്നിവർ വിമർശിച്ചു. കരാറുകാരുടെ ആശങ്കകൾ ന്യായമാണെന്നും സങ്കീർണ്ണമായ നടപടിക്രമങ്ങളാണ് പ്രശ്നമെന്നും പൊതുമരാമത്ത് വകുപ്പ് കമ്മിറ്റി ചെയർമാൻ ജയ്സൻ പാറേക്കാടൻ മറുപടി നൽകി. എന്നാൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരേ സംവിധാനമാണെന്നും കൗശലങ്ങൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കേണ്ടെന്നും എൽഡിഎഫ് അംഗം അഡ്വ കെ ആർ വിജയ വിമർശിച്ചു. കരാറുകാരെ കൊണ്ട് പ്രവ്യത്തികൾ എടുപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കാമെന്നും പ്രത്യേക യോഗം ഇതിനായി വിളിക്കാമെന്നും ഇരിങ്ങാലക്കുട നഗരസഭയ്ക്ക് മാത്രമായി സംവിധാനങ്ങൾ ഇല്ലെന്നും എത്ര ബിൽ കൊടുക്കാൻ ബാക്കി ഉണ്ടെന്ന് സെക്രട്ടറി പരിശോധിക്കണമെന്ന് ചെയർപേഴ്സൺ നിർദ്ദേശം നൽകി.
ഇരിങ്ങാലക്കുട ഗവ മോഡൽ ഹയർസെക്കണ്ടറി സ്കൂളിൽ ചുറ്റുമതിൽ ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ യോഗം തീരുമാനിച്ചു. സ്കൂളിൻ്റെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ എതിർകക്ഷികളായി സ്വകാര്യ വ്യക്തി ഫയൽ ചെയ്ത ഹർജിയെ തുടർന്ന് ഇത് സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ഉത്തരവ് വന്ന സാഹചര്യത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളും സ്കൂൾ അധികൃതരും പിടിഎ യും ചേർന്ന് ഫണ്ടുകൾ സമാഹരിച്ച് വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.
നഗരസഭയുടെ വാർഡ് 38 ൽ നിലവിലുള്ള വാസഗൃഹം മതപരമായ ആവശ്യങ്ങൾക്ക് തരം മാറ്റുന്നത് സംബന്ധിച്ച അജണ്ട യോഗം മാറ്റി വച്ചു. ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇവ കേട്ടതിന് ശേഷം വിഷയത്തിൽ തീരുമാനമെടുക്കാമെന്നും ചെയർപേഴ്സൺ അറിയിച്ചു. യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.