ചികിൽസയ്ക്കിടയിലെ ആലുവ സ്വദേശിനിയുടെ മരണം; പ്രതികളെ കണ്ടെത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ റൂറൽ എസ്പി ഓഫീസിലേക്ക് മാർച്ച്
ഇരിങ്ങാലക്കുട : ചാലക്കുടി സെൻ്റ് ജയിംസ് ആശുപത്രിയുടെ ചികിത്സാ പിഴവുമൂലം അതീവ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണമടയുകയും ചെയ്ത ആലുവ പുറയാർ സ്വദേശിനി സുശീലാദേവിയുടെ മരണത്തിന് ഉത്തരവാദികളായ യഥാർത്ഥ പ്രതികളെ കണ്ടത്തുക, അന്വേഷണ ഉദ്യോഗസ്ഥരും, ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, കുറ്റപത്രം സമർപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സുശീലദേവി ആക്ഷൻ കൗൺസിലിൻ്റേയും, വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് തൃശൂർ ജില്ല കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട റൂറൽ എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാപ്രാണം സെൻ്ററിൽ നിന്നും ആരംഭിച്ച മാർച്ച് എസ്പി ഓഫീസ് എത്തുന്നതിന് മുമ്പേ പോലീസ് തടഞ്ഞു.ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറിയും വെൽഫെയർ പാർട്ടി എറണാകുളം ജില്ല പ്രസിഡൻ്റുമായ
കെ എച്ച് സദക്കത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.ആക്ഷൻ കൗൺസിൽ അംഗം ശശി ആര്യാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് തൃശൂർ ജില്ല പ്രസിഡൻ്റ് വി ബി സമീറ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ നാസറുദ്ദീൻ, കെ ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സി കാർത്തികേയൻ, വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി അംഗം സരസ്വതി വലപ്പാട്, വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ഫസീല ഹനീഫ്, സുശീലാ ദേവിയുടെ മകൾ അഡ്വ. സുചിത്ര, സംസ്ഥാന സെക്രട്ടറി മെറീന വർഗീസ്, ജയിംസ് എന്നിവർ സംസാരിച്ചു. 2022 മാർച്ച് 22 നാണ് സുശീലാദേവിയെ ചികിൽസാർത്ഥം സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ മാർച്ച് 31 ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എപ്രിൽ 3ന് ആണ് മരണം സംഭവിച്ചത്. ആശുപത്രിയുടെ ചികിൽസാ പിഴവ് ചൂണ്ടിക്കാട്ടി ഈ വർഷം എപ്രിൽ 18 നാണ് മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് വന്നത്.