ഠാണാ-പൂതംക്കുളം റോഡ് നിർമ്മാണം; വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി ബിന്ദു ; തകർന്ന് കിടക്കുന്ന റോഡുകളെ ചൊല്ലി യോഗത്തിൽ വിമർശനം.
ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ – പൂതംക്കുളം റോഡ് നിർമ്മാണത്തെ തുടർന്ന് ഉടലെടുത്തിട്ടുള്ള ഗതാഗത കുരുക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. വിഷയം മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്നപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗതാഗത നിയന്ത്രണം സംബന്ധിച്ച് നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും ഇവ പാലിക്കാതെ സ്വകാര്യ ബസ്സുകൾ വഴി തെറ്റിച്ച് ഓടുന്നുണ്ടെന്ന് യോഗത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ തന്നെ ചൂണ്ടിക്കാട്ടി. മെയിൻ റോഡുകളും ഉൾവഴികളുമെല്ലാം തകർന്ന് കിടക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും മഴയുടെ പേരും പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്ന് കോൺഗ്രസ്സ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി പറഞ്ഞു. കുടിവെള്ളപദ്ധതിയുടെ ഭാഗമായി ഭാഗികമായി പൊളിച്ച നഗരസഭ പരിധിയിലെ റോഡുകളുടെ പുനർനിർമ്മാണം ഓണത്തിന് മുമ്പായി പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് തിരക്കേറിയ സമയങ്ങളിലും അമിത വേഗതയിൽ ബസ്സുകൾ പ്രവേശിക്കുന്നത് തുടരുകയാണെന്നും കെഎസ്ആർടിസി സർവീസുകളെ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡ് സ്റ്റാൻ്റിൽ സ്ഥാപിക്കണമെന്നും കേരളകോൺഗ്രസ്സ് പ്രതിനിധി സാം തോംസൺ ആവശ്യപ്പെട്ടു. വേളൂക്കര പഞ്ചായത്തിലെ കുറുപ്പംപടി റോഡ് നിർമ്മാണ പൂർത്തികരണത്തിന് മുമ്പായി ജലജീവൻ മിഷൻ്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് ആവശ്യപ്പെട്ടു. തൊമ്മാന- കോന്തിപുലം ബണ്ട് റോഡ് കുണ്ടും കുഴികളുമായി കിടക്കുകയാണെന്നും കൃഷി ഇറക്കുന്നതിന് മുമ്പായി ഇവ നികത്തണമെന്നും കേരള കോൺഗ്രസ്സ് പ്രതിനിധി ടി കെ വർഗ്ഗീസ് ആവശ്യപ്പെട്ടു.കരുവന്നൂർ – സൗത്ത് ബണ്ട് റോഡ് പുനർനിർമ്മാണത്തിൻ്റെ ടെണ്ടർ നടപടികൾ ആയിട്ടുണ്ടെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും തമ്മിൽ ഉണ്ടായിട്ടുള്ള ഭിന്നതകൾക്ക് പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്നും ഭിന്നശേഷി കമ്മീഷണർ രണ്ട് പേരെയും വിളിച്ച് സംസാരിച്ചിട്ടുണ്ടെന്നും പ്രവർത്തന മികവിന് രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് അവാർഡ് നേടിയിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. വിഷയം പ്രമേയമായി അവതരിപ്പിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മനുഷ്യത്വരഹിതമായ സമീപനമാണ് അംഗപരിമിതയായ ഉദ്യോഗസ്ഥയ്ക്ക് നേരെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് ആൻ്റോ പെരുമ്പിള്ളി കുറ്റപ്പെടുത്തി.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം മന്ത്രിയുടെ നിർദ്ദേശാനുസരണം യോഗം അംഗീകരിച്ചു.
യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ സിമേഷ് സാഹൂ സ്വാഗതം പറഞ്ഞു.