ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിനായി ദേവസ്വം കെട്ടിടം പൊളിക്കുന്നത് ഒരു വിഭാഗം വ്യാപാരികളുടെ നേതൃത്വത്തിൽ തടഞ്ഞു; തടഞ്ഞ വാടകക്കാരുടെ പക്കൽ കൃത്യമായ രേഖകളില്ലെന്നും റോഡ് വികസന പദ്ധതിയെ തടസ്സപ്പെടുത്തിയാൽ… 

ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിനായി ദേവസ്വം കെട്ടിടം പൊളിക്കുന്നത് ഒരു വിഭാഗം വ്യാപാരികളുടെ നേതൃത്വത്തിൽ തടഞ്ഞു; തടഞ്ഞ വാടകക്കാരുടെ പക്കൽ കൃത്യമായ രേഖകളില്ലെന്നും റോഡ് വികസന പദ്ധതിയെ തടസ്സപ്പെടുത്തിയാൽ

നിയമനടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം അധികൃതർ

 

ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിനായി ഠാണാ ജംഗ്ഷനിലെ കെട്ടിടം പൊളിക്കുന്നത് ഒരു കൂട്ടം വ്യാപാരികള്‍ തടഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഠാണാ ജംഗ്ഷനിലെ കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലൂള്ള പഴയ കെട്ടിടമാണ് പൊളിക്കുന്നത്. ഏറ്റവും മുകളിലത്തെ നില പൂര്‍ണമായും മറ്റു നിലകളിലെ ജനലുകളും വാതിലുകളും പൊളിച്ച് നീക്കിയിരുന്നു. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ ഒഴികെ ഈ കെട്ടിടത്തിലെ എല്ലാ വാടകക്കാരും ഒഴിഞ്ഞിട്ടുണ്ട്. കെട്ടിടം പൊളിക്കുന്നതോടെ ലഭിക്കേണ്ട നഷ്ടപരിഹാരതുക ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഈ രണ്ടു വാടകക്കാര്‍ ഒഴിഞ്ഞുപോകാതിരുന്നത്. കെട്ടിടത്തിലെ മറ്റു നിലകള്‍ ഭാഗികമായി പൊളിച്ചതോടെ ഇവര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുമായി ചേര്‍ന്ന് കെട്ടിടം പൊളിക്കുന്ന തൊഴിലാളികളെ തടയുകയായിരുന്നു. 12 വര്‍ഷം മുമ്പ് വാടകക്ക് മുറി എടുത്തപ്പോള്‍ ദേവസ്വത്തിന് തുക നൽകിയിരുന്നുവെന്നും രശീത് ലഭിച്ചത്

ഉത്സവാഘോഷത്തിനായി നല്‍കിയ സംഭാവനയുടെ രസീത് മാത്രമാണെന്നുമാണ് വാടകക്കാർ പറയുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി ഈ കെട്ടിടത്തിലെ വാടകക്കാരോട് ഒഴിയണമെന്ന് നോട്ടീസ് നല്‍കിയതാണെന്നും അതുപ്രകാരം രണ്ടുപേരൊഴികെ മറ്റുള്ളവര്‍ ഒഴിഞ്ഞുവെന്നും മറ്റുള്ളവര്‍ വാടകരസീതും മുറികളുടെ താക്കോലും ദേവസ്വത്തിന് തിരികെ ഏല്‍പിക്കുകയും നിക്ഷേപതുക തിരികെ നല്‍കിയതാണെന്നും തടഞ്ഞവരുടെ പക്കൽ കൃത്യമായ രേഖകൾ ഇല്ലെന്നും ആക്ഷേപം ഉന്നയിച്ച സ്ഥിതിക്ക് രേഖകൾ ഒരിക്കൽ കൂടി പരിശോധിക്കുമെന്നും റോഡ് വികസനത്തിനായി കെട്ടിടം പൊളിക്കുന്നത് തുടരുമെന്നും ആവശ്യമെങ്കിൽ വികസന പദ്ധതി തടഞ്ഞവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

Please follow and like us: