നിയന്ത്രിത കുടിയേറ്റം എന്നതായിരിക്കും ബ്രിട്ടൻ്റെ പുതിയ നയമെന്ന് ബ്രിട്ടീഷ് പാർലമെൻ്റിൽ എത്തിയ ആദ്യ മലയാളി സോജൻ ജോസഫ് ; സ്റ്റുഡൻ്റ് വിസയുടെ പേരിലുള്ള കുടിയേറ്റത്തിനും നിയന്ത്രണമുണ്ടാകുമെന്നും സോജൻ ജോസഫ് എം പി
ഇരിങ്ങാലക്കുട : നിയന്ത്രിത കുടിയേറ്റം എന്നതായിരിക്കും ബ്രിട്ടൻ്റെ പുതിയ നയമെന്ന് ബ്രിട്ടീഷ് പാർലമെൻ്റിൽ എത്തിയ ആദ്യ മലയാളി സോജൻ ജോസഫ് . കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അനിയന്ത്രിത കുടിയേറ്റത്തിനാണ് യുകെ സാക്ഷ്യം വഹിച്ചത്. ഇക്കാര്യത്തിൽ നിയന്ത്രണമുണ്ടാകും. രാജ്യത്തിന് ആവശ്യമുള്ള പ്രൊഫഷണലുകളെ കണ്ടെത്താനും ഒഴിവുള്ള തസ്തികകളിലേക്കും പ്രവേശനം നൽകുന്നതിനായിരിക്കും മുൻതൂക്കമെന്നും ആഷ്ഫോർഡ് മണ്ഡലത്തിൽ നിന്നും ലേബർ പാർട്ടി സ്ഥാനാർഥിയായി പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫ് കരുവന്നൂരിലെ ഭാര്യ വസതിയിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്റ്റുഡൻ്റ് വിസയുടെ പേരിലുള്ള കുടിയേറ്റം ഇനി അനുവദിക്കാൻ കഴിയില്ല. നിയമവിരുദ്ധ കുടിയേറ്റക്കാർ ഉണ്ടാക്കുന്ന വിഷയങ്ങളുടെ പേരിൽ കുടിയേറ്റ വിരുദ്ധ വികാരം യൂറോപ്പിൽ ശക്തി പ്രാപിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. നുഴഞ്ഞ് കയറ്റക്കാരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. കുടിയേറുന്നവർ രാജ്യത്തിൻ്റെ സംസ്കാരവുമായി ഇണങ്ങി ചേർന്ന് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. ചെറിയ കേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തിരിച്ചടിയാകും. ആഗസ്റ്റ് 15 ന് ബൈക്കുകളിൽ ഹോൺ മുഴക്കി ഇന്ത്യൻ പതാകയുമായി പ്രദക്ഷിണം വച്ച നടപടിയൊക്കെ അരോചകമാണെന്ന് പറയേണ്ടി വരും. കഴിഞ്ഞ മാസം ഉണ്ടായ കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ ശക്തമായ നടപടികളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. അറൂനൂറോളം പേരെയാണ് തടവിലാക്കിയതെന്നും സോജൻ ജോസഫ് പറഞ്ഞു. കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ജോസഫ് ആഷ്ഫോർഡ് എൻഎച്ച്എസ് ആശുപത്രിയിൽ മെൻ്റൽ ഹെൽത്ത് വകുപ്പ് മേധാവിയായി പ്രവർത്തിക്കുകയാണ്. ആഷ്ഫോർഡ് മലയാളി അസോസിയേഷൻ്റെ പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 88 ശതമാനം തദ്ദേശീയരുള്ളതും ദീർഘകാലം കൺസർവേറ്റീവ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ളതുമായ ആഷ്ഫോർഡ് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ദീർഘകാലം ആരോഗ്യ രംഗത്ത് നടത്തിയ ഇടപെടലുകളുടെ ഫലമാണെന്നും സോജൻ ജോസഫ് പറയുന്നുണ്ട്.
കരുവന്നൂർ അടാട്ടുകാരൻ പരേതനായ ജോസിൻ്റെയും മേരിയുടെയും മകൾ ബ്രെറ്റയാണ് ഭാര്യ. കരുവന്നൂരിൽ കത്തോലിക്ക കോൺഗ്രസ്സ് നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനാണ് സോജൻ ജോസഫ് എത്തിയത്.