ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ വയോധിക ദമ്പതികൾ നോ പാർക്കിംഗ് മേഖലയിൽ സ്കൂട്ടർ വച്ചതിൻ്റെ പേരിൽ ഹെൽമറ്റുകൾ പിടിച്ചെടുത്ത് ആശുപത്രി ജീവനക്കാർ…

ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ വയോധിക ദമ്പതികൾ നോ പാർക്കിംഗ് മേഖലയിൽ സ്കൂട്ടർ വച്ചതിൻ്റെ പേരിൽ ഹെൽമറ്റുകൾ പിടിച്ചെടുത്ത് ആശുപത്രി ജീവനക്കാർ; തിരിച്ച് നൽകിയത് രണ്ട് ദിവസത്തിന് ശേഷം പിഴയും മാപ്പപേക്ഷയും നൽകിയതിനെ തുടർന്ന്; കയറിയിറങ്ങേണ്ടി വന്നത് നാല് തവണ; നടപടി നിയമവിരുദ്ധമെന്നും അന്വേഷിക്കുമെന്നും ആശുപത്രി വികസന സമിതിയിൽ ഉന്നയിക്കുമെന്നും വാർഡ് കൗൺസിലർ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ വയോധിക ദമ്പതികൾ നോ പാർക്കിംഗ് മേഖലയിൽ സ്കൂട്ടർ വച്ചതിൻ്റെ പേരിൽ വണ്ടിയിൽ വച്ചിരുന്ന ഹെൽമറ്റുകൾ പിടിച്ചെടുത്ത് ആശുപത്രി അധികൃതർ. ഒടുവിൽ ഹെൽമെറ്റുകൾ വിട്ട് കൊടുത്തത് പിഴയും മാപ്പപേക്ഷയും നൽകിയതിന് ശേഷം. ഇതിനായി ആശുപത്രി വരാന്തയിൽ കയറിയിറങ്ങേണ്ടി വന്നത് നാല് തവണ. തൊമ്മാന ചാതേലി വീട്ടിൽ ജോയ് ( 65 വയസ്സ്) , ഭാര്യ ക്ലാര (55 വയസ്സ്) എന്നിവർക്കാണ് കടുത്ത അനുഭവം നേരിടേണ്ടി വന്നത്. ആഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെയാണ് ഹൃദ്രോഗി കൂടിയായ ജോയിയും ഭാര്യയും ചികിൽസ തേടിയെത്തിയത്. ചികിൽസയും മരുന്നുകളും നേടി സ്കൂട്ടറിൻ്റെ അടുത്ത് മൂന്ന് മണിയോടെ എത്തിയപ്പോഴാണ് ഹെൽമെറ്റുകൾ വണ്ടിയിൽ ഇല്ലെന്ന് മനസ്സിലാക്കിയത് . അടുത്ത ദിവസം പൊതു പ്രവർത്തകനോടൊപ്പം ആശുപത്രിയിൽ ഹെൽമറ്റ് തേടി എത്തിയപ്പോഴാണ് അപേക്ഷയും പിഴയും അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. വൈകീട്ട് അപേക്ഷയുമായി എത്തിയപ്പോൾ സൂപ്രണ്ടിനെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നുവെന്നും ശനിയാഴ്ച രാവിലെ ഒൻപതരയ്ക്ക് എത്തിയപ്പോൾ സൂപ്രണ്ട് ഇല്ലാതെ ഹെൽമറ്റുകൾ തരാൻ കഴിയില്ലെന്ന് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാർ പറഞ്ഞതായും ജോയ് പറഞ്ഞു. സ്ഥലത്ത് ഇല്ലാതിരുന്ന സൂപ്രണ്ടിനെ മാധ്യമ പ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ ഓഫീസിൽ വിളിച്ച് പറയാമെന്ന് മറുപടി ലഭിച്ചു.തുടർന്ന് പന്ത്രണ്ട് മണിയോടെ വീണ്ടുമെത്തി പിഴയും അപേക്ഷയും നൽകിയപ്പോഴാണ് ഹെൽമറ്റുകൾ വിട്ട് നൽകിയത്. അതേ സമയം അപേക്ഷയും പിഴയും ഈടാക്കുന്ന സമ്പ്രദായം നിയമപരമല്ലെന്നും അന്വേഷിക്കുമെന്നും ആശുപത്രി വികസന സമിതിയിൽ വിഷയം ഉന്നയിക്കുമെന്നും വാർഡ് കൗൺസിലറും മുൻ വൈസ്-ചെയർമാനും സമിതി അംഗവുമായ പി ടി ജോർജ്ജ് അറിയിച്ചു. നോ പാർക്കിംഗ് പ്രദേശത്ത് വണ്ടി വച്ചതിൻ്റെ പിഴ ഈടാക്കുന്നത് സംബന്ധിച്ച് നിയമമില്ലെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകരായ സാജു പാറേക്കാടൻ, ലൂയീസ് തൊമ്മാന എന്നിവർ ദമ്പതികളുടെ ഒപ്പം സൂപ്രണ്ട് ഓഫീസിൽ എത്തിയിരുന്നു. മക്കളില്ലാത്ത ജോയ് -ക്ലാര ദമ്പതികൾ ചാലക്കുടിയിൽ ഹോട്ടൽ നടത്തുകയായിരുന്നു. വാടക കൂട്ടിയതിനെ തുടർന്ന് 2015 ൽ ഹോട്ടൽ നടത്തിപ്പ് നിറുത്തുകയായിരുന്നു.

Please follow and like us: