തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം ; പദ്ധതിക്കായി ചിലവഴിച്ചത് ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ; പ്രവർത്തിച്ചത് അഞ്ച് മാസങ്ങൾ മാത്രം.
ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം . ദേശീയ, സംസ്ഥാന പാതയോരങ്ങളിലൂടെ കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ശുചിമുറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2022 ഡിസംബർ 4 ന് ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങ്ങൾക്കുള്ളിൽ നിറുത്തിയിരിക്കുന്നത്. രണ്ട് നിലകളിലായി ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് എഴ് ടോയ്ലറ്റുകളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടമാണ് ഠാണാവിൽ പൂതംക്കുളം മൈതാനിയിൽ നിർമ്മിച്ചത്. കോഫി ഷോപ്പും റിഫ്രഷ്മെൻ്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. വാടക തുകയായി നഗരസഭ അധികൃതർ നിശ്ചയിച്ച പത്ത് ലക്ഷം രൂപയ്ക്ക് എറ്റെടുക്കാൻ ആരും തയ്യാറാകാഞ്ഞതിനെ തുടർന്ന് അടഞ്ഞ് കിടക്കാനായിരുന്നു മാസങ്ങളോളം ടേക്ക് എ ബ്രേക്കിൻ്റെ വിധി.ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ കണക്ഷൻ ഉപയോഗിച്ച് മാത്രം ശുചീകരണ സംവിധാനങ്ങൾ നിലനിറുത്താൻ കഴിയില്ലെന്ന് ബോധ്യമായതോടെ ടാങ്കുകൾക്കും ബോർവെൽ സംവിധാനത്തിനുമായി 2023 – 24 വർഷത്തിൽ നാല് ലക്ഷം രൂപ കൂടി നഗരസഭ ചിലവഴിച്ചു. ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം വാടക എന്ന വ്യവസ്ഥയിൽ 2024 എപ്രിലിൽ ആണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ടേക്ക് എ ബ്രേക്ക് ഒടുവിൽ പ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിന് മുന്നിൽ കോഫിയും ലഘുഭക്ഷണങ്ങളുമായി തുടങ്ങിയ കോഫിഷോപ്പ് ഒടുവിൽ തട്ടുകടയുടെ ശൈലിയിലേക്ക് മാറുകയും ചെയ്തതോടെ വിമർശനങ്ങളും ഉയർന്നു. ഉയർന്ന വാടകയും അഞ്ച് ജീവനക്കാരുടെ ചിലവും കണ്ടെത്താൻ വേറെ വഴികൾ ഇല്ലായിരുന്നുവെന്നും ടോയ്ലറ്റ് സൗകര്യങ്ങൾ ആരും കാര്യമായി ഉപയോഗിച്ചിരുന്നില്ലെന്നും നടത്തിപ്പുകാർ പറയുന്നു. കെട്ടിടത്തിൻ്റെ കാഴ്ച മറച്ച് കൊണ്ടായിരുന്നു ഭക്ഷണശാലയുടെ പ്രവർത്തനമെന്നും ഇതോടെ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ പാഴായി എന്നും നഗരസഭ അധികൃതരും പറയുന്നു. വിമർശനങ്ങൾ നഗരസഭാ യോഗങ്ങളിലും ഉയർന്നു. ഇതിനിടെ റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി ഇത് വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങളും വന്നതോടെ ‘ ടേക്ക് എ ബ്രേക്ക് തട്ടുകട ‘യിലേക്ക് ആരും കടക്കാതെയുമായി. അടച്ചിടുക അല്ലാതെ വഴിയില്ലായിരുന്നുവെന്നും റോഡ് പണി പൂർത്തിയായാലും പദ്ധതി എറ്റെടുത്ത് നടത്താൻ താൽപര്യമില്ലെന്നും കരാറുകാരൻ വ്യക്തമാക്കിക്കഴിഞ്ഞു. ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ചിലവഴിച്ച് കഴിഞ്ഞ പദ്ധതിക്കാണ് പ്രവർത്തനം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ അന്ത്യമായിരിക്കുന്നത്