നിർമ്മാണം പൂർത്തീകരിക്കാൻ എടുത്തത് നാല് വർഷം; ഉദ്ഘാടനം കഴിഞ്ഞിട്ടും എഴ് വാർഡുകളിലെ ജനങ്ങൾക്ക് ആശ്രയമായ മൂർക്കനാട് ജനകീയാരോഗ്യകേന്ദ്രത്തിലെ വാതിലുകൾ അടഞ്ഞ് തന്നെ…

നിർമ്മാണം പൂർത്തീകരിക്കാൻ എടുത്തത് നാല് വർഷം; ഉദ്ഘാടനം കഴിഞ്ഞിട്ടും എഴ് വാർഡുകളിലെ ജനങ്ങൾക്ക് ആശ്രയമായ മൂർക്കനാട് ജനകീയാരോഗ്യകേന്ദ്രത്തിലെ വാതിലുകൾ അടഞ്ഞ് തന്നെ…

ഇരിങ്ങാലക്കുട : നാല് വർഷം സമയമെടുത്ത് നിർമ്മാണം പൂർത്തീകരിച്ച ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ആരോഗ്യ കേന്ദ്രം അടഞ്ഞ് തന്നെ. ആരോഗ്യ രംഗത്ത് ദേശീയതലത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനത്തെ മൂർക്കനാട് ജനകീയാരോഗ്യകേന്ദ്രത്തിനാണ് ഈ ദുർവിധി. ഇരിങ്ങാലക്കുട നഗരസഭയിലെ 1, 2, 3, 4, 5, 40, 41 എന്നീ എഴ് വാർഡുകളിലെ മൂവായിരത്തോളം വീടുകളിൽ നിന്നായി 12000 ത്തോളം പേർക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ അടക്കമുള്ള ചികിൽസകൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനത്തിൻ്റെ തറക്കല്ലിട്ടത് 2020 സെപ്തംബർ 6 ന് . വർഷങ്ങളുടെ പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ച് നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നുമുള്ള 17 ലക്ഷം രൂപ ചിലവഴിച്ച് 720 ചതുരഅടിയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണത്തിനാണ് മുൻ എംപി ടി എൻ പ്രതാപൻ തറക്കല്ലിട്ടത്. തുടർന്ന് 2022-23 വർഷത്തിൽ ടൈലുകൾ വിരിക്കാൻ മൂന്ന് ലക്ഷം രൂപ കൂടി അനുവദിച്ചു. മൂന്ന് വർഷം കൊണ്ടാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. തുടർന്ന് 2023-24 വർഷത്തിൽ വൈദ്യുതി വല്ക്കരണം ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾക്കായി 12 ലക്ഷം കൂടി അനുവദിച്ചു. ‘ നവീകരിച്ച മൂർക്കനാട് സബ്ബ് – സെൻ്ററി’ൻ്റെ ഉദ്ഘാടനം നടത്തിയത് ഈ മാസം 8 ന്. എന്നാൽ വൈദ്യുതി വല്ക്കരണ പ്രവൃത്തികളും ഫർണീച്ചർ അടക്കമുള്ള നിർമ്മാണ പ്രവ്യത്തികളും പൂർത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന് അടഞ്ഞ് കിടക്കുന്ന സബ്- സെൻ്റർ വ്യക്തമാക്കുന്നു. നിർമ്മാണ പൂർത്തീകരണം സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭിക്കാതെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയില്ലെന്ന് ആരോഗ്യകേന്ദ്രം പ്രവർത്തകരും സൂചിപ്പിക്കുന്നുണ്ട്. മൂർക്കനാട് ശിവക്ഷേത്രത്തിന് അംഗൻവാടിയിലാണ് സബ്ബ് – സെൻ്റർ താത്കാലികമായി പ്രവർത്തിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളും അനുബന്ധ നടപടികളും പൂർത്തിയാക്കാതെ നഗരസഭ അധികൃതർ ഉദ്ഘാടനം നടത്തുന്ന പദ്ധതികളുടെ പട്ടികയിലാണ് മൂർക്കനാട് സബ്ബ് – സെൻ്ററും ഇടം പിടിക്കുന്നത്.

Please follow and like us: