അനധികൃതനിർമ്മാണത്തിൻ്റെ പേരിൽ വസ്തുനികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട ട്രിബ്യൂണൽ വിധിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; ഷീ ലോഡ്ജിൻ്റെ പ്രവർത്തനം നീളുന്നതിനെ ചൊല്ലി യോഗത്തിൽ വിമർശനം…

അനധികൃതനിർമ്മാണത്തിൻ്റെ പേരിൽ വസ്തുനികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട ട്രിബ്യൂണൽ വിധിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; ഷീ ലോഡ്ജിൻ്റെ പ്രവർത്തനം നീളുന്നതിനെ ചൊല്ലി യോഗത്തിൽ വിമർശനം

 

ഇരിങ്ങാലക്കുട : അനധികൃത കെട്ടിട നിർമ്മാണത്തിൻ്റെ പേരിൽ വസ്തു നികുതി ഈടാക്കിയ വിഷയത്തിൽ എംസിപി ഗ്രൂപ്പ് ഉടമ നൽകിയ ഹർജിയെ തുടർന്ന് ഉടമയെ നേരിട്ട് കേൾക്കാൻ നഗരസഭ ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയോട് നിർദ്ദേശിച്ച് കൊണ്ടുള്ള ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യാൻ നഗരസഭ യോഗത്തിൽ തീരുമാനം. വിഷയത്തിൽ നിയമ നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിഷയം ചർച്ചയ്ക്ക് എടുത്ത ഘട്ടത്തിൽ തന്നെ ചെയർപേഴ്സൺ അറിയിച്ചു. എന്നാൽ അനധികൃത കെട്ടിട നിർമ്മാണത്തിൻ്റെ പേരിൽ ഹൈക്കോടതി വിധിയെ തുടർന്ന് രണ്ട് കോടിയോളം രൂപ എംസിപി ഗ്രൂപ്പ് നഗരസഭയിൽ അടച്ചതാണെന്നും ഇത്രയും പണം തിരിച്ച് നൽകേണ്ടി വന്നാൽ നഗരസഭയുടെ പ്രവർത്തനങ്ങൾ സ്തംഭിക്കുമെന്നും കേസ് ട്രിബ്യൂണലിൽ നഗരസഭക്ക് എതിരാകുമെന്ന് നഗരസഭ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നതാണെന്നും സ്റ്റാൻ്റിംഗ് കൗൺസിൽ ഉൾപ്പെടെയുള്ള അഭിഭാഷകരെ മാറ്റണമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. എന്നാൽ നഗരസഭയ്ക്ക് വരുമാനമൊന്നും നഷ്ടപ്പെടുന്നില്ലെന്നും നടപടിക്രമത്തിൽ വന്ന വീഴ്ച പരിഹരിക്കാനാണ് ട്രിബ്യൂണൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും സെക്രട്ടറി വിശദീകരിച്ചു. കൃത്യസമയത്ത് നടപടികൾ സ്വീകരിക്കാത്തതിൻ്റെ ഫലമാണ് അനുഭവിക്കുന്നതെന്നും വാദിക്കും പ്രതിക്കും വേണ്ടി വാദിക്കുന്ന സ്റാൻ്റിംഗ് കൗൺസിലിനെ മാറ്റണമെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ ആവശ്യപ്പെട്ടു. ട്രിബ്യൂണൽ വിധി എതിരായി കണക്കാക്കാൻ കഴിയില്ലെന്നും അപ്പീൽ പോകാനുള്ള സാധ്യത ഇല്ലെന്നും സെക്രട്ടറി വീണ്ടും വിശദീകരിച്ചു. ട്രിബ്യൂണൽ വിധി അനുസരിച്ച് കെട്ടിട ഉടമയുടെ വാദം കേൾക്കാൻ ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഹൈക്കോടതിയിലെ സ്റ്റാൻ്റിംഗ് കൗൺസിലായ അഡ്വ കെ കെ ചന്ദ്രൻപിള്ള സേവന കാലാവധി പുതുക്കി നൽകേണ്ടതില്ലെന്നും പുതിയ അഭിഭാഷകനെ നിയമിക്കാൻ അപേക്ഷ ക്ഷണിക്കാനും യോഗം തീരുമാനിച്ചു. എന്നാൽ സേവന കാലാവധിയായ 2023 മാർച്ച് 31 വരെയുള്ള ഫീസ് മാത്രമേ നൽകേണ്ടതുള്ളൂവെന്ന് പ്രതിപക്ഷത്തിന് നിന്ന് എൽഡിഎഫും ബിജെപി യും ആവശ്യപ്പെട്ടു.

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഷീ ലോഡ്ജ് പ്രവർത്തനം നീളുന്നത് യോഗത്തിൽ വിമർശനത്തിന് കാരണമായി. പണികൾ പൂർത്തീകരിക്കാതെ ധ്യതി പിടിച്ച് ഉദ്ഘാടനം നടത്തിയതിനെ സന്തോഷ് ബോബൻ വിമർശിച്ചു. ബൈലോ ഇത് വരെ തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല എന്നതും കെട്ടിടത്തിന് നമ്പർ ഇട്ടിട്ടില്ലെന്നതും ഭരണപരാജയത്തിൻ്റെ ലക്ഷമാണെന്ന് അഡ്വ കെ ആർ വിജയ കുറ്റപ്പെടുത്തി. ഷീ ലോഡ്ജിൻ്റെ നടത്തിപ്പ് കുടുംബശ്രീ സംവിധാനത്തെ എല്പിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. കുടുംബശ്രീ ഉൾപ്പെടെയുള്ള എല്ലാ വനിതാ സംരംഭകരെയും നടത്തിപ്പിനായുള്ള ലേലത്തിൽ പങ്കെടുപ്പിക്കാമെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി.

നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിൻ്റെ ബില്ലുകൾ നൽകാൻ വൈകുന്നതിൻ്റെ പേരിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന് നേരെ വീണ്ടും വിമർശനം ഉയർന്നു. ആഗസ്റ്റ് 30 ന് മുമ്പ് എല്ലാ ബില്ലുകളും നൽകണമെന്ന് ചെയർ പേഴ്സൺ നിർദ്ദേശം നൽകി. ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മതിൽ നിർമ്മാണത്തിന് മുമ്പായി സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈവനിംഗ് മാർക്കറ്റ് അടച്ച് പൂട്ടാൻ തീരുമാനമെടുത്ത സാഹചര്യത്തിൽ നിലവിലെ കച്ചവടക്കാരെ ഒഴിപ്പിക്കാനും യോഗം തീരുമാനിച്ചു .യോഗത്തിൽ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.

Please follow and like us: