ആർഭാടങ്ങൾ ഒഴിവാക്കി മേഖലയിലെ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം; ചിലവുകൾ ചുരുക്കി എടക്കുളം ശ്രീ നാരായണ ഗുരുസ്മാരകസംഘം ദുരിതാശ്വാസഫണ്ടിലേക്ക് ഒന്നര ലക്ഷം രൂപ കൈമാറി…
ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി മേഖലയിലെ ശ്രീനാരായണഗുരുദേവജയന്തി ആഘോഷം. എസ്എൻബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ ഗുരുദേവ മന്ദിരത്തിൽ വിശേഷാൽ പൂജക്കു ശേഷം സമാജം പ്രസിഡണ്ട് കിഷോർ കുമാർ നടുവളപ്പിൽ പതാക ഉയർത്തി.തുടർന്ന് സർവ്വൈശ്വരപൂജയും ഗുരുദേവ പ്രഭാഷണവും പ്രസാദ ഊട്ടും നടന്നു. വൈകീട്ട് സമാജം, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ ഇരിങ്ങാലക്കുട മേഖല, എസ്എൻവൈഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കൂടൽ മാണിക്യം ക്ഷേത്രത്തിൻ്റെ മുന്നിൽ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് സമാജം പ്രസിഡണ്ട് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻ മുക്കുളം, വൈസ് പ്രസിഡണ്ട് ഷിജിൻ തവരങ്ങാട്ടിൽ, ജോ. സെ ക്രട്ടറി ദിനേശ് എളന്തോളി ,ട്രഷറർ വേണു തോട്ടുങ്ങൽ, എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭ ചെയർപേഴ്സൺ സുജസഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു.
എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷങ്ങൾക്കായി സമാഹരിച്ച സംഭാവനകൾ സമാഹരിച്ച് കണ്ടെത്തിയ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ഘോഷയാത്രയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പിയിൽ നിന്നും ഫണ്ട് എറ്റ് വാങ്ങി. സംഘം പ്രസിഡണ്ട് സി പി ഷൈലാനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ആർ രാജേഷ്, ട്രഷറർ കെ കെ രാജൻ, കൺവീനർ വി സി ശശിധരൻ, രക്ഷാധികാരി കെ വി ജിനരാജദാസൻ, കെ ആർ കിഷോർ എന്നിവർ സംസാരിച്ചു.