പുതുക്കാട് പാലിയേക്കര ടോൾപ്ലാസക്ക് സമീപം വൻ കഞ്ചാവ് വേട്ട;പിടികൂടിയത് രണ്ട് കാറുകളിലായി കടത്തിയ 45 കിലോയോളം കഞ്ചാവ്; രണ്ട് കൊലപാതകമടക്കം ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പാലക്കാട് സ്വദേശികൾ പിടിയിൽ…
ചാലക്കുടി : തൃശൂർ- എറണാകുളം ജില്ലാതിർത്തിയായ കറുകുറ്റി പുളിയനത്തേക്ക് വൻ തോതിൽ കഞ്ചാവ് കടത്താൻ സാധ്യതയുള്ളതായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ, റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കെ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം ദേശീയപാത കേന്ദ്രീകരിച്ച് ഏതാനും ദിവസങ്ങളായി നടത്തിവന്നിരുന്ന രഹസ്യ നിരീക്ഷണത്തിനിടയിൽ പുലർച്ചെ രണ്ട് കാറുകളിലായി കടത്തിക്കൊണ്ടു വന്നിരുന്ന നാൽപത്തഞ്ച് കിലോയോളം കഞ്ചാവുമായി പാലക്കാട് സ്വദേശികളായ രണ്ടു പേരെ പിടികൂടി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പാലക്കാട് കുഴൽമന്ദം കണ്ണാടി കടലാകുറിശ്ശി സ്വദേശി പുത്തൻപുര വീട്ടിൽ കൃഷ്ണപ്രസാദ് (48 വയസ് ) , പാലക്കാട് മങ്കര മണ്ണൂർ സ്വദേശി പൂളക്കൽ വീട്ടിൽ ദാസൻ എന്നു വിളിക്കുന്ന കൃഷ്ണദാസൻ (42 വയസ് ) എന്നിവരെയാണ് ഒറീസയിൽ നിന്നും ലോറിയിൽ കൊണ്ടുവന്ന് തമിഴ്നാട്ടിൽ വച്ച് കാറുകളിലേക്ക് മാറ്റിക്കയറ്റി കൊണ്ടുവന്ന കഞ്ചാവുമായി പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ദേശീയപാതയിൽ പോലീസ് പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഗവർണ്ണറുടെ യാത്രയോടനുബന്ധിച്ചൊരുക്കിയ കനത്ത സുരക്ഷ ഡ്യൂട്ടി അവസാനിച്ചപ്പോൾ ചായ കുടിക്കാനായി ചാലക്കുടി പോട്ട നാടുകുന്നിലെ ബേക്കറിയിലെത്തിയ പോലീസ് സംഘത്തെ കണ്ട കാർ യാത്രികർ പരിഭ്രമിച്ച് തിടുക്കത്തിൽ കാറുമായി പോകാൻ ശ്രമിച്ചത് ശ്രദ്ധിച്ച പ്രത്യേകാന്വേഷണ സംഘം കാറിൻ്റെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി നടത്തിയ വേഗതയും കൃത്യതയുമാർന്ന അന്വേഷണമാണ് കഞ്ചാവ് കടത്ത് പിടി കൂടാൻ ഇടയാക്കിയത്. KL07CE4518 എന്ന ഹ്യുണ്ടായ് ക്രെറ്റ കാറിലെ യാത്രികരാണ് തിടുക്കത്തിൽ കടന്നു കളയാൻ ശ്രമിച്ചത്. ഉടൻ മറ്റൊരു കാറിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ കാറിനെ പിന്തുടരവേ പ്രസ്തുത കാർ പാപ്പാളി ജംഗ്ഷനിൽ അപകടകരമായി യുടേൺ എടുത്ത് തൃശൂർ ഭാഗത്തേക്ക് പോകുന്നത് കൂടുതൽ സംശയത്തിനിടയാക്കുകയും കാർ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ കാർ നിലവിൽ ക്രിമിനൽ-കഞ്ചാവ് കേസുകളിൽ പ്രതിയായ മങ്കര സ്വദേശിയുടെ പക്കലാണെന്ന് കണ്ടെത്തിയത് സംശയത്തെ ബലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് ദേശീയപാതയിലും ഇടവഴികളിലും പ്രത്യേകാന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ടോൾപ്ലാസക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനക്കൂട്ടത്തിനുള്ളിൽ നിർത്തിയിട്ട പ്രസ്തുത കാർ കണ്ടെത്തിയത്. ടോളിന് സമീപം കാർ കണ്ടെത്തുമ്പോൾ ഒരാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന കൃഷ്ണദാസിനെ ചോദ്യം ചെയ്യവേ പരസ്പരവിരുദ്ധമായി സംസാരിക്കുകയും കാറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ആണയിട്ടു പറഞ്ഞതും സംശയം ഇരട്ടിപ്പിച്ചു. തൊട്ടടുത്തായി പാർക്ക് ചെയ്തിരുന്ന KL10AA7500 നമ്പർ രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാറിൽ പാട്ടുകേട്ടിരിക്കുന്ന ഭാവത്തിലുള്ള ഡ്രൈവറെ ചോദ്യം ചെയ്യവേ ക്രെറ്റ കാറിൽ ഉണ്ടായിരുന്ന അപരനാണ് എന്ന് തിരിച്ചറിയുകയും രണ്ടു പേരെയും മാറ്റിനിർത്തി ചോദ്യം ചെയ്തപ്പോൾ കാറുകളിൽ കഞ്ചാവാണെന്നും കറുകുറ്റിയിലേക്ക് കൊണ്ടുപോകവേ വഴി നീളെ പോലീസിനെ കണ്ട് കാറുകൾ രണ്ടിടത്തായി നിർത്തി യാത്രക്കാരെന്ന ഭാവേന വിശ്രമിക്കുന്നതിനിടയിൽ പോലീസ് വാഹനം സമീപത്ത് വന്നതിനാൽ പരിഭ്രമിച്ച് കടന്നു കളയാൻ ശ്രമിച്ചതാണെന്നും കാറുകളിലെ കഞ്ചാവ് പുതുക്കാട് ഭാഗത്ത് വിൽക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സമ്മതിച്ചത്. തുടർന്ന് പുതുക്കാട് സബ് ഇൻസ്പെക്ടർ വരന്തരപ്പിള്ളി സർക്കിൾ ഇൻസ്പെക്ടർ കെ.എൻ മനോജ് സ്ഥലത്തെത്തുകയും അദ്ദേഹം കാർ യാത്രികരേയും കാറുകളും വിശദമായി പരിശോധിച്ചപ്പോഴാണ് രണ്ടു കാറുകളിലും പൊതികളായി ഭദ്രമായി സൂക്ഷിച്ചിരുന്ന നാൽപത്തഞ്ച് കിലോയോളം മുന്തിയതരം കഞ്ചാവ് കണ്ടെത്തിയതും തുടർന്ന് യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി നോർക്കോട്ടിക് വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചതും.
പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ വി. സജീഷ് കുമാർ, സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, ഡാൻസാഫ് ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം. ജെ, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥൻ സി.കെ ലാലുപ്രസാദ്, ജില്ലാ ഇൻ്റലിജൻസ് ഓഫീസർ ഒ.എച്ച് ബിജു , പുതുക്കാട് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ ബിജു സി.ഡി, സീനിയർ സിപിഒമാരായ ആൻ്റു വി.എ, അജിത് കുമാർ എ.എ, സുജിത് കുമാർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സന്തോഷ് യു.എൻ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ വിശ്വനാഥൻ കെ. കെ എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
പിടിയിലായ കൃഷ്ണ പ്രസാദ് കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തലവനും ദേശീയപാതകൾ കേന്ദ്രീകരിച്ച് വാഹനങ്ങൾ കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാനിയുമാണ്. പതിറ്റാണ്ട് മുൻപ് ക്വട്ടേഷൻ സ്വീകരിച്ചു ഒരു യുവാവിനെ നിഷ്കരുണം വെട്ടിക്കൊന്ന സംഭവത്തിലും രണ്ടായിരത്തി പതിമൂന്നിൽ പോലീസ് കസ്റ്റഡിയിൽ ഉള്ളയാളെ വെട്ടിക്കൊന്ന കേസിലും പ്രതിയാണ്. കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പല ക്രിമിനൽ കേസുകളിലും കൃഷ്ണ പ്രസാദ് പങ്കാളിയാണ്. കഴിഞ്ഞവർഷം മങ്കര പോലീസ് പിടികൂടിയ പതിനഞ്ച് കിലോ കഞ്ചാവ് കേസിൽ മുഖ്യ പ്രതിയായ കൃഷ്ണദാസൻ കേരളത്തിനകത്തും പുറത്തുമായി പത്തിലേറെ കേസുകളിൽ പ്രതിയാണ്. ഇവർ കഞ്ചാവ് വിതരണം ചെയ്യാൻ കൊണ്ടുപോയിരുന്നവരെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ. അറിയിച്ചു. പ്രതികളെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും