പകർച്ചവ്യാധികൾ തടയുന്നതിനും കൊതുകിൻ്റെ ഉറവിടങ്ങൾ ഇല്ലാതാക്കാനും നൂതനമൽസരവുമായി വേളൂക്കര പഞ്ചായത്ത്…
ഇരിങ്ങാലക്കുട : പകർച്ചവ്യാധികൾ തടയുന്നതിന് കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിന് സ്പോർട്സ് മോസ് ക്വിറ്റ് എന്ന പേരിൽ നൂതന മത്സരവുമായി വേളൂക്കര പഞ്ചായത്ത് .ജപ്പാനിൽ പാഴ് വസ്തുക്കൾ പെറുക്കി മാറ്റുന്ന മൽസരത്തിൻ്റെ മാതൃകയിലാണ് സ്പോർട്സ് മോസ് ക്വിറ്റ് മൽസരം രൂപപ്പെടുത്തിയത്.
പുതുക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പോർട്സ് ഫോർ സോഷ്യൽ ചേഞ്ച് എന്ന സംഘടനയാണ് ആശയം മുന്നോട്ടുവച്ചത്. വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ അത് ഏറ്റെടുക്കുകയായിരുന്നു. ചിലയിടങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതോടെ പഞ്ചായത്ത് തല മത്സരം സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
മത്സരത്തെക്കുറിച്ച് അറിഞ്ഞ ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് അടക്കമുള്ള സഹകരണങ്ങൾ വാഗ്ദാനം ചെയ്തു. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 1 വരെയാണ് മൽസരം. രണ്ടോ മൂന്നോ അംഗങ്ങൾ ഉള്ള ഒരു ടീം ചുരുങ്ങിയത് 25 വീടുകൾ സന്ദർശിച്ച് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി വീട്ടുകാരുടെ സഹായത്തോടു കൂടി നശിപ്പിക്കുന്നു. സന്ദർശിക്കുന്ന വീടുകളുടെ എണ്ണം, കണ്ടെത്തി നശിപ്പിക്കുന്ന ഉറവിടങ്ങളുടെ എണ്ണം എന്നിവയ്ക്കനുസരിച്ച് ടീമുകൾക്ക് സ്കോർ നൽകും. വേളൂക്കര ഗ്രാമപഞ്ചായത്തിൽ താമസിക്കുകയോ പഠിക്കുകയോ ചെയ്യുന്ന 10 വയസ്സിനു മുകളിലുള്ള ആർക്കും തന്നെ മത്സരത്തിൽ പങ്കാളികളാകാം. മത്സരത്തിന് ഓഗസ്റ്റ് 24 വരെ പേര് രജിസ്റ്റർ ചെയ്യാം. വാർഡ് മെമ്പർ, ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ വഴി നേരിട്ടോ, പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ ഫോം വഴി ഓൺലൈൻ ആയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് ആരോഗ്യ പ്രവർത്തകർ പ്രത്യേക പരിശീലനം നൽകും.
വേളൂക്കര പഞ്ചായത്തിലെ 18 വാർഡുകളിലായി നടക്കുന്ന മത്സരത്തിൽ, വാർഡ് തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് 1000, 500 എന്നിങ്ങനെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്കോർ നേടുന്ന ടീമിന് 5000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3000 രൂപയും നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ധനീഷ് കെ എസ് , മെഡിക്കൽ ഓഫീസർ ഡോ കെ യു രാജേഷ്, സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഷാജു ജോർജ്ജ് എന്നിവർ അറിയിച്ചു.