കാറളം, കാട്ടൂർ പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളിൽ മോഷണം; താണിശ്ശേരി അക്കീരംകണ്ടത്ത് ക്ഷേത്രത്തിൽ 15000 രൂപയും കാട്ടൂർ പൊഞ്ഞനം ക്ഷേത്രത്തിൽ 7000 രൂപയും നഷ്ടമായതായി ക്ഷേത്രം അധികൃതർ…
ഇരിങ്ങാലക്കുട : കാറളം, കാട്ടൂർ പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളിൽ മോഷണം. കാറളം പഞ്ചായത്തിൽ താണിശ്ശേരി അക്കീരംകണ്ടത്ത് ശ്രീകൃഷ്ണക്ഷേത്രത്തിലാണ് മോഷണം നടന്നത്. മുൻവശത്തെ ഭണ്ഡാരവും പടിഞ്ഞാറെ നടയിലെ രണ്ട് ഭണ്ഡാരങ്ങളും നടപ്പന്തലിലെ മേശയുടെ ലോക്കും കുത്തിപ്പൊളിച്ചിട്ടുണ്ട്. പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ ഭക്തജനങ്ങളാണ് മോഷണം നടന്നതായി കണ്ടത്. മേശവലിപ്പിലെ പണം അടക്കം 15000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വെള്ളാനി – താണിശ്ശേരി എൻഎസ്എസ് കരയോഗത്തിൻ്റെ മേൽനോട്ടത്തിലാണ് ക്ഷേത്രഭരണം നടത്തുന്നത്. ക്ഷേത്രത്തിൻ്റെ ഊട്ടുപുരയിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന പണി ആയുധങ്ങൾ ഉപയോഗിച്ചാണ് ഭണ്ഡാരങ്ങൾ പൊളിച്ചിട്ടുള്ളത്. ഇവയിൽ ചിലത് ഭണ്ഡാരങ്ങൾക്ക് അടുത്ത് കണ്ടെത്തിയിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് കാട്ടൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
കാട്ടൂർ പൊഞ്ഞനം ക്ഷേത്രത്തിൽ ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മേശ കുത്തിപൊളിച്ച് എഴായിരത്തോളം രൂപ കവർന്നതായി ക്ഷേത്രം ഭരണസമിതി അംഗങ്ങൾ അറിയിച്ചു.