നിഷ ഷാജി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്; തിരഞ്ഞെടുപ്പ് ഭരണകക്ഷിയിലെ ധാരണപ്രകാരം എം എം മുകേഷ് പ്രസിഡൻ്റ് സ്ഥാനം രാജി വച്ചതിനെ തുടർന്ന്…
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐ.യിലെ നിഷ ഷാജി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ എം.എം.മുകേഷ് രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന് നിഷ ഷാജിയും യു.ഡി.എഫില്‍ നിന്ന് ഷംസു വെളുത്തേരിയും തമ്മിലാണ് മത്സരം നടന്നത്. നിഷ ഷാജിക്ക് 13 വോട്ടുകളും ഷംസു വെളുത്തേരിക്ക് എട്ട് വോട്ടുകളും ലഭിച്ചു. നിലവില്‍ 21 അംഗ കമ്മിറ്റിയില്‍ എല്‍.ഡി.എഫിന് 13 ഉം യു.ഡി.എഫിന് എട്ടും അംഗങ്ങളാണ് ഉള്ളത്.
2010 മുതല്‍ തുടര്‍ച്ചയായി പഞ്ചായത്തംഗമായി തുടരുന്ന നിഷ ഷാജി ആറാം വാര്‍ഡില്‍ നിന്ന് ഒരു തവണയും എട്ടാം വാര്‍ഡില്‍ നിന്ന് രണ്ടു തവണയും ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ നിന്നാണ് ജയിച്ചത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ. വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേരള മഹിളാസംഘം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമാണ്. മഹിളാസംഘം കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ് നിഷ.