മണ്ഡലത്തിലെ ദുരിതാശ്വാസക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു; ക്യാമ്പുകളുടെ അന്തേവാസികൾക്ക് തുണയായി സെൻ്റ് ജോസഫ്സ് കോളേജിലെ എൻസിസി കേഡറ്റുകളും…
ഇരിങ്ങാലക്കുട : വീടുകളിൽ നിന്നും വെള്ളം ഒഴിഞ്ഞതോടെ നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം ദുരിതാശ്വാസ ക്യാമ്പുകളുടെയും പ്രവർത്തനം അവസാനിപ്പിച്ചു. കാറളം പഞ്ചായത്തിൽ എഎൽപി സ്കൂളിൽ നാല് കുടുംബങ്ങളിലായി 18 പേരും താണിശ്ശേരി ഡോളേഴ്സ് സ്കൂളിൽ നാല് കുടുംബങ്ങളിൽ നിന്നായി എട്ട് പേരും ഇരിങ്ങാലക്കുട നഗരസഭയിൽ ആസാദ് റോഡിലെ പകൽ വീട്ടിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി ആറ് പേരും മുരിയാട് പഞ്ചായത്തിൽ ചേർപ്പുംകുന്ന് അയ്യങ്കാളി സ്മാരകം ഹാളിൽ ഒരു കുടുംബത്തിൽ നിന്നായി കിടപ്പ് രോഗി അടക്കം മൂന്ന് പേരും മാത്രമാണ് ക്യാമ്പുകളിൽ തുടരുന്നത്. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ട് പ്രധാന ക്യാമ്പുകളും കാട്ടൂർ, പടിയൂർ പഞ്ചായത്തുകളിലെ ക്യാമ്പുകളും കഴിഞ്ഞ ദിവസവും ഇന്നുമായി പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു.
കാട്ടൂർ പഞ്ചായത്തിലെ ക്യാമ്പുകളിൽ എത്തിയവർക്ക് സെൻ്റ് ജോസഫ്സ് കോളേജിലെ തൃശ്ശൂർ എഴാം കേരള ബറ്റാലിയനിൽ നിന്നുള്ള പരിശീലനം നേടിയ എൻസിസി കേഡറ്റുകളുടെ സേവനം തുണയായി. ക്യാമ്പുകളിലെ ഭക്ഷണശാല, ശുചിത്വ പ്രവർത്തനങ്ങൾ, കുട്ടികളെ പഠിപ്പിക്കൽ, ആരോഗ്യ ബോധവല്ക്കരണ പരിപാടികൾ തൊട്ട് വെള്ളം കയറിയ വീടുകളുടെ ശുചീകരണത്തിന് വരെ എൻസിസി കേഡറ്റുകൾ ഒപ്പമുണ്ടായിരുന്നു. ജില്ലാ ഭരണകൂടത്തിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിർദ്ദേശാനുസരണമായിരുന്നു പ്രവർത്തനങ്ങൾ. എഴാം കേരള ബറ്റാലിയൻ കമാൻ്റിംഗ് ഓഫീസർ കേണൽ ബിജോയ് ബി, സെൻ്റ് ജോസഫ്സ് കോളേജ് അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ എന്നിവർ നേതൃത്വം നൽകി