നഗരഹൃദയത്തിൽ വയോധിക ദമ്പതികളുടെ ജീവന് ഭീഷണിയായ കെട്ടിടം പൊളിച്ച് നീക്കാൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നിർദ്ദേശം; ആർഡിഒ യുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചു; കെട്ടിടം അപകടാവസ്ഥയിൽ ആണെന്നും നടപടികൾ സ്വീകരിക്കാൻ നഗരസഭ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യൂ അധികൃതർ…

നഗരഹൃദയത്തിൽ വയോധിക ദമ്പതികളുടെ ജീവന് ഭീഷണിയായ കെട്ടിടം പൊളിച്ച് നീക്കാൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നിർദ്ദേശം; ആർഡിഒ യുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചു; കെട്ടിടം അപകടാവസ്ഥയിൽ ആണെന്നും നടപടികൾ സ്വീകരിക്കാൻ നഗരസഭ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യൂ അധികൃതർ…

ഇരിങ്ങാലക്കുട : വയോധിക ദമ്പതികളുടെ ജീവനും സ്വത്തിനും ഭീഷണിയായ ജീർണ്ണിച്ച കെട്ടിടം അടിയന്തരമായി പൊളിച്ച് നീക്കാൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നിർദ്ദേശം. മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ മഴക്കെടുതികളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചക്കിടയിലാണ് റവന്യൂ അധികാരികൾക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സൗത്ത് ബസാർ റോഡിൽ തെക്കേകര വീട്ടിൽ ആൻ്റണിയും (90 വയസ്സ്) അയൽവാസിയും തമ്മിൽ അതിർത്തി തർക്കങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ ശ്രമം നടത്തണമെന്നും അടുത്ത താലൂക്ക് വികസന സമിതി യോഗത്തിന് മുമ്പായി കെട്ടിടം പൊളിച്ച് നീക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. അതേ സമയം ആർഡിഒ എം കെ ഷാജിയും വില്ലേജ് ഓഫീസറും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. കെട്ടിടത്തിൻ്റെ അപകടാവസ്ഥ ബോധ്യപ്പെട്ടതാണെന്നും നടപടി സ്വീകരിക്കാൻ നേരത്തെ തന്നെ നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടിരുന്നതാണെന്നും വേണ്ട നടപടി സ്വീകരിക്കാൻ നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആർഡിഒ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ട് നൽകിയിരുന്നതാണെന്ന് വില്ലേജ് ഓഫീസറും വ്യക്തമാക്കിയിട്ടുണ്ട്. നഗരസഭ ഓഫീസിൽ നിന്നും എറെ അകലെയല്ലാതെ വാർഡ് 22 ൽ സൗത്ത് ബസാർ റോഡിലാണ് വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടം ഉള്ളത്. മെയിൻ റോഡിൽ എത്തിച്ചേരാൻ വിദ്യാർഥികൾ അടക്കം നിരവധി പേർ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. വഴിയാത്രക്കാർക്കടക്കം ഭീഷണിയായ കെട്ടിടം പൊളിച്ച് നീക്കുന്നത് സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് അധികൃതർ നീട്ടി കൊണ്ട് പോകുന്നതിൽ വിമർശനം ഉയർന്നിട്ടുണ്ട്.

Please follow and like us: