ജീവന് ഭീഷണിയായി തുടരുന്ന കെട്ടിടം പൊളിച്ച് നീക്കണമെന്ന ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിലെ വയോധികരുടെ പരാതിയിൽ രണ്ട് വർഷമായിട്ടും നടപടിയായില്ല; കെട്ടിടം വഴി യാത്രക്കാർക്കും ഭീഷണിയെന്ന് പരാതിക്കാർ…
ഇരിങ്ങാലക്കുട : ജീവന് ഭീഷണിയായി തുടരുന്ന അയൽവാസിയുടെ കാലപ്പഴക്കം ഉള്ളതും താമസമില്ലാത്തതുമായ ഓടിട്ട കെട്ടിടം പൊളിച്ച് നീക്കണമെന്ന വയോധിക ദമ്പതികളുടെ പരാതിയിൽ ഇരിങ്ങാലക്കുട നഗരസഭയിൽ വാർഡ് 22 ൽ സൗത്ത് ബസാർ റോഡിൽ താമസിക്കുന്ന തെക്കേകര വീട്ടിൽ 90 വയസ്സുള്ള ആൻ്റണിയും 80 വയസ്സുള്ള ഭാര്യയുമാണ് ഭരണകൂടത്തിൻ്റെ നടപടികളും കാരുണ്യവും കാത്ത് കഴിയുന്നത്. ഓടിട്ട കെട്ടിടം തങ്ങളുടെ വീട്ടിലേക്കും റോഡിലേക്കും തകർന്ന വീഴാവുന്ന അവസ്ഥയിലാണെന്നും ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടികൾ സ്വീകരിക്കണമെന്നും കാണിച്ച് 2022 ൽ തന്നെ താലൂക്ക് ഓഫീസിലും നഗരസഭയിലും പരാതി നൽകിയിരുന്നതാണെന്ന് ആൻ്റണി പറയുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആർഡിഒ വിനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ തെക്കേക്കര വീട്ടിൽ ആൻ്റണിയും അപകടാവസ്ഥയിലുള്ള കെട്ടിട്ടത്തിൻ്റെ ഉടമയും തമ്മിൽ തർക്കത്തിലാണെന്നും നേരത്തെ ഇരുക്കൂട്ടരുമായും ചർച്ച നടത്തിയിട്ടുള്ളതാണെന്നും അതിർത്തി തർക്കം സംബന്ധിച്ച് അളന്ന് നൽകുന്നതിനായി റവന്യൂവിന് നൽകിയ അപേക്ഷയ്ക്ക് മറുപടി കിട്ടിയിട്ടില്ലെന്നും നഗരസഭ അധികൃതർ പറയുന്നു. ആഗസ്റ്റ് എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് പരാതിക്കാർക്ക് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം കത്ത് നൽകിയിട്ടുണ്ട്.