സാമൂഹ്യ പ്രവർത്തകനായ മുത്തച്ഛൻ്റെ പാത പിന്തുടർന്ന് പേരക്കുട്ടിയും; വയനാടിൻ്റെ ദുരിതപർവ്വങ്ങൾ താണ്ടാൻ അഞ്ചാം ക്ലാസ്സുകാരിയുടെ കാശ് കുടുക്കയിലെ സമ്പാദ്യവും…
ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തകനായ മുത്തച്ഛൻ്റെ പാത പിന്തുടർന്ന് പേരക്കുട്ടിയും . ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി അരിമ്പൂപ്പറമ്പിൽ ജോഷിയുടെയും മിനിയുടെയും മകളായ ജുവാന എലിസബത്ത് ജോഷി എന്ന ഒൻപത് വയസ്സുകാരിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ കാശ്കുടുക്കയിൽ ശേഖരിച്ച പണം സംഭാവന നല്കിയത്. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ ക്യാമ്പ് ഓഫീസിൽ വച്ചാണ് കാശ് കുടുക്ക കൈമാറിയത്. യു കെ ജി ക്ലാസ്സ് മുതൽ ശേഖരിച്ച പണമായിരുന്നു കുടുക്കയിൽ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട ഡോൺബോസ്ക്കോ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുവാന. മുത്തച്ഛൻ റപ്പായി നേരത്തേ ആർദ്രം പാലിയേറ്റീവ് സൊസൈറ്റിക്ക് സൗജന്യമായി അഞ്ച് സെൻ്റ് സ്ഥലം വിട്ടു നല്കിയിരുന്നു. മുത്തച്ഛൻ റപ്പായി, പിതാവ് ജോഷി എന്നിവരോടൊപ്പമാണ് ജുവാന എത്തിയത്.