പെരുമഴ മാറിയിട്ടും തോരാതെ ദുരിതം; ക്യാമ്പുകളിൽ നിന്നും മടങ്ങാനാകാതെ കുടുംബങ്ങൾ ;ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 541 പേർ…
ഇരിങ്ങാലക്കുട: കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മഴമാറി മാനം തെളിഞ്ഞെങ്കിലും കരുവന്നൂര്‍ പുഴയോട് ചേര്‍ന്ന പ്രദേശങ്ങളിലും കാട്ടൂര്‍, കാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല. ജല നിരപ്പ് ഉയര്‍ന്നു തന്നെ . കരുവന്നൂര്‍ കൊക്കരിപള്ളത്ത് വെള്ളം കയറി 70 വീട്ടുകാരെ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും 28 വീട്ടുകാര്‍ക്കു മാത്രമാണ് തിരികെ ഇങ്ങോട്ടു വരാനായത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. 223 വീടുകളില്‍ നിന്നായി 541 പേരാണ് ക്യാമ്പിലുള്ളത്. കാറളം പഞ്ചായത്തില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി 90 വീടുകളില്‍നിന്നും 203 പേരാണ് ക്യാമ്പിലുള്ളത്. കാട്ടൂര്‍ പഞ്ചായത്തില്‍ രണ്ടു ക്യാമ്പുകളിലായി 52 വീടുകളില്‍നിന്നും 144 പേരാണ് ക്യാമ്പിലുള്ളത്. പടിയൂര്‍ പഞ്ചായത്തിലെ ഒരു ക്യാമ്പില്‍ 16 വീടുകളില്‍നിന്നും 29 പേരും മുരിയാട് പഞ്ചായത്തില്‍ രണ്ട് ക്യാമ്പുകളിലായി 14 വീടുകളില്‍നിന്നും 40 പേരുമാണ് ക്യാമ്പിലുള്ളത്. ഇരിങ്ങാലക്കുട നഗരസഭയില്‍ മൂന്നു ക്യാമ്പുകളിലായി 51 വീടുകളില്‍നിന്നും 125 പേരാണ് ക്യാമ്പിലുള്ളത്. ഇതിന്റെ മൂന്നിരട്ടിയോളം വരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നവരുടെ എണ്ണം. കാറളം പഞ്ചായത്തില്‍ കാറളം എല്‍പി സ്‌കൂളില്‍ 38 കുടുംബങ്ങളില്‍നിന്നായി 99 പേരും കാറളം ഹൈസ്‌കൂളില്‍ 46 വീടുകളില്‍ നിന്നും 91 പേരും താണിശേരി ഡോളേഴ്‌സ് എല്‍പി സ്‌കൂളില്‍ ആറു വീടുകളില്‍നിന്നുമായി 13 പേരുമാണ് ക്യാമ്പിലുള്ളത്. കാട്ടൂര്‍ പഞ്ചായത്തില്‍ കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ 43 വീടുകളില്‍നിന്നും 122 പേരും കാട്ടൂര്‍ പോംപെ സ്‌കൂളില്‍ ഒമ്പതു വീടുകളില്‍നിന്നും 22 പേരുമാണ് ക്യാമ്പിലുള്ളത്. പടിയൂര്‍ എച്ച്ഡിപി സമാജം സ്‌കൂളില്‍ 16 വീടുകളില്‍നിന്നും 29 പേരാണ് ക്യാമ്പിലുള്ളത്. മുരിയാട് പഞ്ചായത്തില്‍ പുല്ലൂര്‍ എസ്എന്‍ബിഎസ് എല്‍പി സ്‌കൂളില്‍ 12 വീടുകളില്‍നിന്നും 34 പേരും ആനുരുളി അയ്യങ്കാളി സാംസ്‌കാരിക നിലയത്തില്‍ രണ്ടു വീടുകളില്‍നിന്നും ആറു പേരും ക്യാമ്പിലുണ്ട്. ഇരിങ്ങാലക്കുട നഗരസഭയില്‍ കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ 26 വീടുകളില്‍നിന്നും 59 പേരും മാപ്രാണം സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ 22 വീടുകളില്‍നിന്നും 56 പേരും ജവഹര്‍ കോളനിയിലെ പകല്‍വീടില്‍ മൂന്നു വീടുകളില്‍നിന്നും 10 പേരുമാണ് ക്യാമ്പിലുള്ളത്.
കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് താഴ്ന്നുവെങ്കിലും സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് കുറവില്ല. കാട്ടൂര്‍ പഞ്ചായത്തില്‍ പടിഞ്ഞാറന്‍ മേഖലയിലും പാടശേഖരങ്ങളിലും ജലനിരപ്പ് കൂടുതലാണ്. മൂര്‍ക്കനാട് സെന്റര്‍, കാറളം, കാറളം -കരാഞ്ചിറ നന്തി റോഡ്, ആനന്ദപുരം-മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ റോഡ് എന്നിവിടങ്ങളിലെ ഗതാഗതം ഇനിയും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇരിങ്ങാലക്കുട നഗരസഭയില്‍ മൂര്‍ക്കനാട്, ഒമ്പതുമുറി കോളനി, കൊക്കരിപള്ളം, മാപ്രാണം, തളിയക്കോണം, പീച്ചംപിള്ളി കോളനി, കുന്നുമ്മക്കര, കൊറ്റിലങ്ങപ്പാടം ഭാഗങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. കെഎല്‍ഡിസി കനാലില്‍ വെള്ളം ഉയര്‍ന്നത് മൂലം താമരപ്പള്ളം വഴി കച്ചേരി, മയ്യാര്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. കാട്ടൂരില്‍ മധുരംപിള്ളി, ചെമ്പന്‍ചാല്‍ കരാഞ്ചിറ എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ട്. കാറളത്ത് നന്തിയില്‍ വെള്ളം ഇറങ്ങിയിട്ടില്ല. കരുവന്നൂര്‍ കൊക്കരിപള്ളത്ത് അംഗന്‍വാടിയുടെ മതില്‍ ഇടിഞ്ഞു വീണു. കരുവന്നൂര്‍ – കൊക്കരിപള്ളം ആറാട്ടുപുഴ റോഡ് തകര്‍ന്നിരിക്കുകയാണ്. റോഡിലെ ടാര്‍ കുത്തിയൊലിച്ച് പോയി കുണ്ടും കുഴിയുമായിരിക്കുകയാണ് ഈ റോഡ്.
കാട്ടൂര്‍ പഞ്ചായത്തിലെ എംഎം കാട്ടൂര്‍ എംഎം കനാലും കരകവിഞ്ഞൊഴുകുകയാണ്. എംഎം കനാലിന്റെ രണ്ടു ബണ്ടുകളും ഉയര്‍ത്താന്‍ പലപ്രാവശ്യവും ഇരിങ്ങാലക്കുട മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്. കനാലിലൂടെ പുഴയിലേക്ക് ഒഴുകിപോകുന്ന വെള്ളം വടക്കേബണ്ടിന് ഉയരം കുറവായതിനാല്‍ വെള്ളം കരകവിഞ്ഞു 100 കുടുംബങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിന്റെ ഭീഷണി നേരിടുന്നതായി മുന്‍ പഞ്ചായത്തംഗം എ എസ് ഹൈദ്രോസ് പറഞ്ഞു.