ദേശീയപാതകൾ കേന്ദ്രീകരിച്ച് കോടികൾ കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ;
മുംബൈ സിബിസിഐഡി സംഘത്തിനു മുന്നിലേക്ക് മണിക്കൂറുകൾക്കകം വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതികളെ പിടികൂടിയെത്തിച്ച് ചാലക്കുടി ക്രൈം സ്ക്വാഡ്
ചാലക്കുടി : ദേശീയ പാതകൾ കേന്ദ്രീകരിച്ച് വൻ കൊളളുകൾ നടത്തുന്ന സംഘത്തെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിൽ പിടികൂടി. അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശേരി വീട്ടിൽ കനകാംബരൻ (38 വയസ് ) ,അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് അമ്പലത്തിനു സമീപം ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48 വയസ് ) ,ചാലക്കുടി നോർത്ത് കൊന്നക്കുഴി സ്വദേശിയും വർഷങ്ങളായി പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയിൽ താമസിക്കുന്നയാളുമായ ഏരുവീട്ടിൽ ജിനു എന്നു വിളിക്കുന്ന ജിനീഷ് (41 വയസ് ) , അതിരപ്പിള്ളി വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകിൽ താമസിക്കുന്ന പുത്തനമ്പൂക്കൻ വീട്ടിൽ അജോ (42 വയസ് ) ,പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടിൽ ഫൈസൽ (34 വയസ്) എന്നിവരെയാണ് മുംബൈ പൽഘാർ സിബിസിഐഡി പോലീസിനുവേണ്ടി പിടികൂടിയത്.
കഴിഞ്ഞ പത്താം തീയതി ഗുജറാത്ത് രാജ് കോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായി സെയ്ത് തൻ്റെ കാറിൽ ഡ്രൈവറോടൊത്ത് മുംബൈക്ക് വരവേ പൽഘാർ ജില്ല മാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പുലർച്ചെ മൂന്നു കാറിലായെത്തിയ സംഘം മുംബൈ – അഹമ്മദാബാദ് ദേശീപാതയിൽ വാഹനം തടഞ്ഞ് ഡ്രൈവറുടെ വശത്തെ ചില്ല് തകർത്ത് കാർ യാത്രികരെ മർദ്ദിച്ച് പുറത്തിറക്കി കാർ തട്ടിക്കൊണ്ടുപോയി അതിലുണ്ടായിരുന്ന എഴുപത്തി മൂന്ന് ലക്ഷത്തിൽപരം രൂപ കൊള്ളയടിച്ച ശേഷം വിക്രംഘട്ട് എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ആക്രമണത്തിൽ ഭയചകിതരായ വ്യവസായിയും ഡ്രൈവറും സമനിലചിത്ത വീണ്ടെടുത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.
തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് അന്വേഷണ സംഘം വാഹന നമ്പറുകൾ കണ്ടെത്തിയെങ്കിലും അവ വ്യാജനമ്പറുകളായിരുന്നു. ഇതിനാൽ ഇത്തരത്തിൽ ഹൈവേ കൊള്ള നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് കേരളത്തിലെ തൃശൂർ ജില്ല കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
കൊള്ള സംഭവവുമായി സാദൃശ്യമുള്ളതിനാൽ പൽഘാർ ജില്ലാ പോലീസ് സൂപ്രണ്ട് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെടുകയും തൃശുർ റൂറൽ എസ്പിയുടെ നിർദേശ പ്രകാരം അന്വേഷണ സംഘത്തെ ചാലക്കുടിയിലേക്ക് അയക്കുകയുമായിരുന്നു.
ചാലക്കുടിയിലെത്തിയ മുംബൈ പോലീസ് ടോൾപ്ലാസയിലെ അവ്യക്ത സിസിടിവി ദൃശ്യങ്ങൾ ചാലക്കുടി പോലീസിനെ കാണിച്ചതോടെ പ്രതികളെ തിരിച്ചറിയുകയും നേരം ഇരുട്ടി വെളുക്കുന്നതിനു മുമ്പേ ചാലക്കുടി ഡിവൈഎസ്പിയുടെ സ്ക്വാഡ് പ്രതികളെ പിടികൂടി മുംബൈ പോലീസിന് കൈമാറുകയുമായിരുന്നു. ചാലക്കുടി പോലീസ് സംഘത്തിൻ്റെ വേഗതയും മികവും അക്ഷരാർത്ഥത്തിൽ തങ്ങളെ അമ്പരപ്പിച്ചതായി മുംബൈ പോലീസ് സബ് ഇൻസ്പെക്ടർമാരായ ഗൺപത് സുലൈ, സ്വപ്നിൽ സാവന്ത് ദേശായി എന്നിവർ പറഞ്ഞു.
ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിൽ ക്രെം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി. യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായവരിൽ ജിനീഷ് വർഷങ്ങൾക്ക് മുൻപ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ ടിപ്പർ ഇടിപ്പിച്ച് കൊലപ്പെടുത്തിയക്കേസിൽ ഉൾപെട്ടയാളാണെന്നും മറ്റ് നിരവധി കൊള്ള സംഭവങ്ങളിൽ പങ്കുള്ളതായും അന്വേഷണ സംഘം കണ്ടെത്തി. ഫൈസൽ കോങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കോടിയിൽ പരം രൂപ കൊള്ളയടിച്ച കേസുള്ളയാളാണ്. കനകാംബരനും സതീശനും അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത മദ്യവിൽപന നടത്തിയതിന് കേസുകൾ ഉള്ളരാണ്.
വിശദമായി ചോദ്യം ചെയ്തതോടെ ഏഴു കോടി രൂപ വാഹനത്തിലുണ്ടായിരുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇവരുടെ കൂട്ടാളികളാണ് പണം മുഴുവൻ കൊണ്ടുപോയതെന്നാണ് ഇവർ പറയുന്നതെങ്കിലും പോലീസ് അത് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇവരുടെ കൂട്ടാളികളെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം നടത്തുമെന്നും മുംബൈ പോലീസ് അറിയിച്ചു.