ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുന്നു; കാറളം പഞ്ചായത്തിൽ രണ്ട് റൂട്ടുകളിൽ ഗതാഗതം നിറുത്തി വച്ചു; മണ്ഡലത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി…

ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുന്നു; കാറളം പഞ്ചായത്തിൽ രണ്ട് റൂട്ടുകളിൽ ഗതാഗതം നിറുത്തി വച്ചു; മണ്ഡലത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി…

ഇരിങ്ങാലക്കുട : മഴ തുടരുകയും ഡാമുകൾ തുറക്കുകയും ചെയ്തതോടെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളും കരുവന്നൂർ പുഴയുടെയും കനോലി കനാലിൻ്റെയും തീരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 1, 2, 41, 6 , 7 വാർഡുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇതേ തുടർന്ന് മൂർക്കനാട് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ നാല് കുടുംബങ്ങൾ എത്തിയിട്ടുണ്ട്. ഒട്ടേറെ പേർ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. മാടായിക്കോണം സ്കൂളിൽ ക്യാമ്പ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. വാർഡ് 34 ൽ പൊറത്തിശ്ശേരി റബ്ബർ എസ്റ്റേറ്റ് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് വീട്ടുകാരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കാറളം പഞ്ചായത്തിൽ 1, 2, 3, 10, 11 വാർഡുകളിലെ നന്തി , ഇളംപുഴ , ചെങ്ങാലിപ്പാടം, താണിശ്ശേരി പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. പഞ്ചായത്തിൽ കാറളം എഎൽപിഎസ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 65 പേരും കാറളം വിഎച്ച്എസ്എസ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 13 പേരും താണിശ്ശേരി ഡോളേഴ്സ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 4 പേരുമാണുള്ളത്. വെള്ളം കയറിയതിനെ തുടർന്ന് നന്തി – കരാഞ്ചിറ റൂട്ടിലും മൂർക്കനാട് -കാറളം റൂട്ടിലെയും ഗതാഗതം നിറുത്തി വച്ചിട്ടുണ്ട്.

കാട്ടൂർ പഞ്ചായത്തിൽ 1, 2, 11, 12 13, 14 വാർഡുകളിലെ മുനയം , നന്തിലംപ്പാടം, പറയൻ കടവ്, ചെമ്പൻ ചാല്, മധുരപ്പിള്ളി പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. കരാഞ്ചിറ സെൻ്റ് സേവ്യേഴ്സ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 14 കുടുംബങ്ങളിൽ നിന്നായി 40 പേർ എത്തിയിട്ടുണ്ട്. മുരിയാട് പഞ്ചായത്തിൽ ആനുരുളിയിൽ നിന്നുള്ള ഒരു കുടുംബത്തിൽ നിന്നുള്ള മൂന്ന് പേരെ അയ്യങ്കാളി സംസ്കാരിക നിലയത്തിലെ ക്യാമ്പിൽ ആക്കിയിട്ടുണ്ട്. ആളൂർ പഞ്ചായത്തിൽ ഫാത്തിമ മാതാ സ്കൂളിലെ ക്യാമ്പിൽ എഴ് കുടുംബങ്ങളിൽ നിന്നായി 16 പേരാണുള്ളത്.പടിയൂർ, വേളൂക്കര, പൂമംഗലം പഞ്ചായത്തുകളിൽ ക്യാമ്പുകൾ തുടങ്ങേണ്ട സാഹചര്യം ഉടലെടുത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം സാഹചര്യങ്ങൾ വിലയിരുത്തി. ചിമ്മിനി ഡാം തുറന്നതിനാൽ ജലം ഉയരാൻ സാധ്യതയുണ്ടെന്നും ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

Please follow and like us: