അഭിമുഖ നടപടികൾ സുതാര്യമായിട്ടല്ലെന്ന് പ്രതിപക്ഷവിമർശനം; ഇരിങ്ങാലക്കുട നഗരസഭയിൽ തയ്യാറാക്കിയ ശുചീകരണതൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി…

അഭിമുഖ നടപടികൾ സുതാര്യമായിട്ടല്ലെന്ന് പ്രതിപക്ഷവിമർശനം; ഇരിങ്ങാലക്കുട നഗരസഭയിൽ തയ്യാറാക്കിയ ശുചീകരണതൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി…

ഇരിങ്ങാലക്കുട : പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭയിൽ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ശുചീകരണ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി. അഭിമുഖ നടപടികൾ സുതാര്യമായിട്ടല്ല നടന്നതെന്നും അഭിമുഖങ്ങൾ നടക്കുന്നതിനിടയിൽ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിനും നഗരസഭ സെക്രട്ടറിയും ഇറങ്ങിപ്പോയെന്നും റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും എൽഡിഎഫ് അംഗവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അംബിക പള്ളിപ്പുറത്ത് ഇത് സംബന്ധിച്ച അജണ്ടയുമായി ബന്ധപ്പെട്ട് നഗരസഭ യോഗത്തിൽ നടന്ന ചർച്ചയിൽ പറഞ്ഞു. ലിസ്റ്റ് തയ്യാറാക്കിയത് സുതാര്യമായ നടപടികളിലൂടെയല്ലെന്നാണ് വ്യക്തമാകുന്നതെന്നും ലിസ്റ്റ് റദ്ദാക്കണമെന്നും എൽഡിഎഫ് അംഗങ്ങളായ അഡ്വ കെ ആർ വിജയ , സി സി ഷിബിൻ, അഡ്വ ജിഷ ജോബി എന്നിവരും ആവശ്യപ്പെട്ടു. ലിസ്റ്റ് തട്ടിപ്പാണെന്നും സ്വന്തം പാർട്ടിക്കാരെ തിരുകി കയറ്റുന്ന എർപ്പാടാണ് നടക്കുന്നതെന്നും ഒഴിവുകൾ പങ്ക് വയ്ക്കുകയാണെന്നും ബിജെപി അംഗം ടി കെ ഷാജു ആരോപിച്ചു. ബിജെപി അംഗം വ്യാജമായ പരാതിയാണ് ഉന്നയിക്കുന്നതെന്നും എത്ര പേർ എൽഡിഎഫിൽ നിന്നും ഉണ്ടെന്ന് വ്യക്തമാക്കണമെന്നും എൽഡിഎഫ് അൽഫോൺസ തോമസ് ആവശ്യപ്പെട്ടു. യോഗ്യതയുടെ അടിസ്ഥാനത്തിലല്ല നഗരസഭയിൽ നിയമനങ്ങൾ നടക്കുന്നതെന്ന് വ്യക്തമാണെന്നും ലിസ്റ്റ് അംഗീകരിക്കാൻ കഴിയില്ലെന്നും ബിജെപി അംഗം സന്തോഷ് ബോബനും പറഞ്ഞു. അഞ്ച് മിനിറ്റ് നേരത്തേക്ക് മാത്രമാണ് താൻ പുറത്ത് പോയതെന്ന് ഫെനി എബിനും പോയ ഉടൻ താൻ തിരിച്ച് വന്നുവെന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും നഗരസഭയിൽ ശുചീകരണ തൊഴിലാളികളുടെ കുറവ് നേരിടുന്നുണ്ടെന്നും റാങ്ക് ലിസ്റ്റ് അംഗീകരിക്കണമെന്നും സെക്രട്ടറിയും പറഞ്ഞു. സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും റാങ്ക് ലിസ്റ്റ് ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും നഗരസഭ ചെയർപേഴ്സൺ വിശദീകരിച്ചു. എന്നാൽ വിശദീകരണത്തിൽ പ്രതിപക്ഷം തൃപ്തരായില്ല. എൽഡിഎഫ് അംഗം സി സി ഷിബിൻ വിഷയത്തിൽ വോട്ടെടുപ്പും ആവശ്യപ്പെട്ടു. ഇതോടെ വീണ്ടും അഭിമുഖം നടത്താൻ തീരുമാനിച്ചതായി ചെയർപേഴ്സൺ പ്രഖ്യാപിച്ചു.

നഗരസഭയുടെ നേതൃത്വത്തിൽ ഠാണാവിൽ ആരംഭിച്ചിട്ടുള്ള ടേക്ക് എ ബ്രേക്ക് തട്ടുകടയുടെ അവസ്ഥയിലാണെന്നും ട്രാഫിക്ക് അഡ്വൈസറി യോഗം വിളിക്കണമെന്നും ഷീ ലോഡ്ജിൻ്റെ പ്രവർത്തനം ആരംഭിക്കണമെന്നും യോഗാവസാനത്തിൽ അഡ്വ കെ ആർ വിജയയും ഇല്ലിക്കൽ ഡാമിൽ അധിക ജലം കൃത്യമായി ഒഴുകി പ്പോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബൈജു കുറ്റിക്കാടനും പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ടി കെ ജയാനന്ദനും ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. പി ടി ജോർജ്ജ്, ബിജു പോൾ അക്കരക്കാരൻ, വിജയകുമാരി അനിലൻ ,സ്മിത കൃഷ്ണകുമാർ, രാജി കൃഷ്ണകുമാർ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: