പദ്ധതി നിർവ്വഹണം; കോടികൾ സ്പിൽ ഓവർ ആയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷവിമർശനം; ഹരിത കർമ്മസേനയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ചവർക്ക് എതിരെ നടപടികൾ സ്വീകരിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം…

പദ്ധതി നിർവ്വഹണം; കോടികൾ സ്പിൽ ഓവർ ആയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷവിമർശനം; ഹരിത കർമ്മസേനയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ചവർക്ക് എതിരെ നടപടികൾ സ്വീകരിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം…

ഇരിങ്ങാലക്കുട : 2023- 24 സാമ്പത്തികവർഷത്തെ പദ്ധതി നിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ പ്രതിപക്ഷ വിമർശനം. 15 കോടിയോളം രൂപയുടെ പദ്ധതികൾ സ്പിൽ ഓവർ ആയിരിക്കുകയാണെന്നും എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ വീഴ്ച പ്രകടമാണെന്നും അഞ്ച് ലക്ഷത്തിൽ കൂടുതൽ വരുന്ന ഒരു ബിൽ പോലും കഴിഞ്ഞ 11 മാസത്തിനുള്ളിൽ പാസ്സായിട്ടില്ലെന്നും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ ഒരു പദ്ധതിയെക്കുറിച്ചും ചർച്ച നടന്നിട്ടില്ലെന്നും ചർച്ചകൾക്ക് തുടക്കമിട്ട് കൊണ്ട് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. വിഷയത്തിൽ പൊതുമരാമത്ത് കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ബില്ലുകൾ കൃത്യമായി തയ്യാറാക്കി സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയും എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ വീഴ്ച വ്യക്തമാണെന്ന് എൽഡിഎഫ് അംഗം അൽഫോൺസാ തോമസും പറഞ്ഞു. വിഷയത്തിൽ ചെയർപേഴ്സൻ്റെ ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ടെന്നും ചെറിയ പർച്ചേസ് ബില്ലുകൾ പോലും കൃത്യമായി സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബിജെപി മെമ്പർ ടി കെ ഷാജു വിമർശിച്ചു. നഗരസഭയുടെ ഒരു വർഷമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് എൽഡിഎഫ് അംഗം സി സി ഷിബിനും പാടശേഖരങ്ങളിലേക്കുള്ള വർക്കുകൾ ടെണ്ടർ ചെയ്യിക്കുന്നതിലും വീഴ്ച നേരിട്ടതായി അംബിക പള്ളിപ്പുറത്തും അടുത്ത വർഷത്തിൽ ലഭിക്കുന്ന ഫണ്ട് കുറയാൻ സാധ്യതയുണ്ടന്നും പൊതുമരാമത്ത്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റികൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അഡ്വ ജിഷ ജോബിയും 2020 ൽ തറക്കല്ലിട്ട പൊറത്തിശ്ശേരി മേഖലയിലെ സബ്- സെൻ്ററിൻ്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ലെന്ന് കെ പ്രവീണും ചൂണ്ടിക്കാട്ടി. എന്നാൽ പ്രൈസ് ത്രീ സമ്പ്രദായവും ട്രഷറി നിരോധനവുമാണ് പ്രശ്നത്തിന് കാരണമായതെന്നും എഞ്ചിനീയറിംഗ് വിഭാഗത്തിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പറയുന്നില്ലെന്നും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ പറഞ്ഞു. പ്ലാൻ ഫണ്ട് 67 % ചിലവഴിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ധനകാര്യ കമ്മീഷൻ്റെ ഗ്രാൻ്റ് ഇരിങ്ങാലക്കുട ഉൾപ്പെടെ 23 നഗരസഭകൾക്ക് ലഭിച്ചിട്ടില്ലെന്നും റിവിഷനും ഇലക്ഷൻ പെരുമാറ്റചട്ടവും വീഴ്ചകൾക്ക് കാരണമായെന്നും എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെ ന്നും വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ പറഞ്ഞു. സാങ്കേതികകാര്യങ്ങളാണ് പദ്ധതി നിർവഹണ വീഴ്ചയ്ക്ക് കാരണമായതെന്നും കൃത്യമായ മേൽനോട്ടം ഉണ്ടായിരുന്നുവെന്നും ഇലക്ഷൻ പെരുമാറ്റ ചട്ടവും ട്രഷറി നിയന്ത്രണങ്ങളും ഗഡുക്കളായി പണം ലഭിച്ചതും രണ്ടര കോടി ക്യൂ ലിസ്റ്റിൽ നഷ്ടമായെന്നും കർഷകരുടെ ബില്ലുകൾ പോലും മാറാൻ കഴിഞ്ഞില്ലെന്നും ചർച്ചകൾക്ക് മറുപടിയായി ചെയർ പേഴ്സൺ പറഞ്ഞു. ഇനി മുതൽ പാർട്ട് ബില്ലുകൾ കൃത്യമായി നൽകണമെന്നും നഗരസഭ യോഗങ്ങളിൽ ഇതിൻ്റെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും ചെയർപേഴ്സൺ എഞ്ചിനീയറിംഗ് വിഭാഗത്തിനോട് ആവശ്യപ്പെട്ടു. 2024-25 വാർഷിക പദ്ധതി സ്പിൽ ഓവർ പദ്ധതികൾ കൂടി ഉൾപ്പെടുത്തി പരിഷ്ക്കരിക്കുന്നതിന് യോഗം അംഗീകാരം നൽകി.

നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനയെ സാമൂഹ്യമാധ്യമത്തിൽ മോശമാക്കി ചിത്രീകരിച്ച് പോസ്റ്റ് ഇട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വാർഡ് സഭകൾ ആഗസ്റ്റ് 15 നുള്ളിൽ പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.

Please follow and like us: