യോഗാഭ്യാസപ്രകടനത്തിൽ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിക്ക് ഗിന്നസ് നേട്ടം…
ഇരിങ്ങാലക്കുട : യോഗാഭ്യാസ പ്രകടനത്തിൽ കോളേജ് വിദ്യാർഥിനിക്ക് ഗിന്നസ് ലോക റിക്കാർഡ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ സാമ്പത്തികശാസ്ത്ര വിദ്യാർഥിനിയായ അനഘ മനോജാണ് ഗിന്നസ് നേട്ടത്തിന് അർഹയായത്. യോഗാസനത്തിലെ മെർമെയ്ഡ് പോസിൽ ഒരുമണിക്കൂർ 27 മിനിറ്റ് പിന്നിട്ടാണ് അനഘ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. തിരുപ്പൂർ സ്വദേശിനിയായ രൂപ ഗണേഷിൻ്റെ ഒരു മണിക്കൂർ 15 മിനിറ്റ് ഏഴ് സെക്കൻഡ് എന്ന റെക്കോർഡ് പഴങ്കഥയാക്കിയാണ് അനഘ ചരിത്ര നേട്ടത്തിന് ഉടമയായത്. 2023 ഡിസംബർ മൂന്നാം തീയതി കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് ഹാളിൽ വച്ചായിരുന്നു റെക്കോർഡ് പിന്നിട്ട അനഘയുടെ യോഗാഭ്യാസ പ്രകടനം. ഗിന്നസ് മാനദണ്ഡങ്ങളനുസരിച്ച് ഗിന്നസ് അധികൃതരുടെയും അംഗീകൃത യോഗാധ്യാപകരായ സിനി എം. വി., പത്മജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അനഘയുടെ പ്രകടനം. യോഗാഭ്യാസത്തിലുള്ള താല്പര്യം മൂലം യുട്യൂബ് വീഡിയോകളുടെ സഹായത്തിൽ ഒരു വർഷത്തോളമായുള്ള പരിശ്രമമാണ് അനഘയെ റെക്കോർഡ് നേട്ടം സ്വന്തമാക്കുന്നതിന് സഹായിച്ചത്. കൊടുങ്ങല്ലൂർ സ്വദേശികളായ കൈതക്കാട്ട് മനോജ്, പ്രസീത ദമ്പതികളുടെ മകളാണ് അനഘ. അഖിൽ ഏക സഹോദരനാണ്.