മാളയിൽ വൻ ലഹരിമരുന്നു വേട്ട;നൂറു ഗ്രാമോളം അതിമാരക രാസ ലഹരിയുമായി മൂന്നു പേർ പിടിയിൽ….
ചാലക്കുടി: ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന അതിമാരക രാസ ലഹരിയുമായി മൂന്നു പേരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷ്, റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ എം.ൻ്റെയും നേതൃത്വത്തിൽ മാള സർക്കിൾ ഇൻസ്പെക്ടർ സജിൻ ശശി, സബ് ഇൻസ്പെക്ടർ ശിവൻ എന്നിവരും ഡാൻസാഫ് ക്രൈംസ്ക്വാഡ് അംഗങ്ങളും ചേർന്ന് സിനിമാ സ്റ്റെെലിൽ പിന്തുടർന്ന് പിടികൂടി.
മാള കല്ലൂർ വൈന്തല സ്വദേശി ആട്ടോക്കാരൻ വീട്ടിൽ മനു ബേബി ( 28 വയസ് ) ,കോഴിക്കോട് ജില്ല മുക്കം ഓമശ്ശേരി സ്വദേശി പുത്തൻപുര വീട്ടിൽ ഷാഹിദ് മുഹമ്മദ് (28 വയസ് ) , പാലക്കാട് ജില്ലാ പറളി തേനൂർ സ്വദേശി തടത്തിൽ സണ്ണി ജോസ് ജോൺ ( 27 വയസ് ) എന്നിവരാണ് നൂറു ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായത്.
ഹൈവേയിൽ മൂന്നുപേർ അമിതവേഗതയിൽ കാറിൽ പായുന്നതായി ജില്ലാപോലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം കാറിൻ്റെ വിവരങ്ങൾ ശേഖരിച്ച് പിന്തുടരുകയായിരുന്നു.പുതുക്കാട് വച്ച് കാറിനു സമീപമെത്തിയപ്പോൾ സംശയം തോന്നിയതിനാൽ ഇവർ അമിത വേഗതയിൽ കുതിച്ച് മുരിങ്ങൂർ അടിപ്പാതയിലൂടെ പാഞ്ഞെങ്കിലും പോലീസ് സംഘം പിന്നാലെ പിന്തുടർന്നന്നതിനാൽ ഗത്യന്തരമില്ലാതെ വൈന്തല കല്ലൂർ പാടത്ത് കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടിയ മൂവരേയും ചെളിയും പായലും കുഴികളും നിറഞ്ഞ പാടത്തുകൂടി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
മൂവരേയും ചോദ്യം ചെയ്തതിൽ പരസ്പര വിരുദ്ധമായി സംസാരിച്ചതിനാലും അന്നമനട വഴി ചെറായിയിലേക്ക് കടക്കുകയായിരുന്നുവെന്ന് പറഞ്ഞതിനാലും വിശദ പരിശോധന നടത്തിയതിനെ തുടർന്നാണ് മാരക രാസലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തത്. ഇതിനെതുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന KL09AJ 3063 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഹ്യുണ്ടായ് ആക്സൻ്റ് കാറും കസ്റ്റഡിയിലെടുത്തു
പോലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ വി.ജി സ്റ്റീഫൻ, പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി. എം മൂസ, എഎസ്ഐ വി. യു സിൽജോ, സീനിയർ സിപിഒമാരായ റെജി എ.യു , ബിനു എം.ജെ, ഷിജോ തോമസ് മാള സ്റ്റേഷനിലെ അഡീഷണൽ എസ്ഐ മുഹമ്മദ് ബാഷി, എഎസ്ഐ നജീബ്, സീനിയർ സിപിഒ നവാസ്, സിപിഒമാരായ നജീബ്, അംജിത് എന്നിവരും ഡിസ്ട്രിക്ട് ഇൻ്റലിജൻസ് ഓഫീസർ ബിജു ഒ.എച്ച്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിനു സി.ഡി എന്നിവരുമാണ് ഉണ്ടായിരുന്നത്.
ഷാഹിദ് മുൻപും ബാംഗ്ലൂരിലും മറ്റും സമാന കേസിന് പിടിയിലായിട്ടുണ്ട്. മനു ബേബിക്ക് കഞ്ചാവ് ഉപയോഗിച്ചതിന് കേസുകൾ ഉള്ളതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.ഇവർക്ക് മയക്കുമരുന്ന് നൽകിയവരെ കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി അറിയിച്ചു.