പടിയൂർ പഞ്ചായത്തിൽ അനധികൃത അറവുശാല ; നടപടിയുമായി പഞ്ചായത്തും കാട്ടൂർ പോലീസും….
ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന അറവ് കേന്ദ്രം പഞ്ചായത്ത് അധികൃതരുടെയും കാട്ടൂർ പോലീസിൻ്റെയും ഇടപെടലുകളെ കൊണ്ട് അടപ്പിച്ചു. വാർഡ് 8 ൽ മതിലകം റോഡിൽ പീസ് സ്കൂളിന് മുമ്പായി റോഡിൽ നിന്ന് നീങ്ങി പണി പൂർത്തീകരിക്കാത്ത കെട്ടിടത്തിലാണ് മാടുകളെ കൊണ്ട് വന്ന് അറവ് നടത്തിയിരുന്നതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിൻ്റെ ലൈസൻസ് ഇല്ലാതെയും ആവശ്യമായ സജ്ജീകരണങ്ങൾ ഇല്ലാതെയും മലിനജലം പുറത്തേക്ക് വിട്ടുമാണ് അനധികൃത അറവുശാല ഒരാഴ്ചയായി പ്രവർത്തിച്ചിരുന്നതെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് പറഞ്ഞു. മതിലകം സ്വദേശികളാണ് ഇവിടെ ഉണ്ടായിരുന്നത്. 25000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. വാർഡ് മെമ്പർ ജോയ്സി ആൻ്റണി, എഴാം വാർഡ് മെമ്പർ പ്രഭാത് വി സി , മെഡിക്കൽ ഓഫീസർ ജിത്തു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ സോണിയ, സുറുമി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.