നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ജീവനക്കാരുടെ വേതന പ്രശ്നത്തിന് പരിഹാരം; കൺസോർഷ്യത്തിൽ നിന്നുമുള്ള തുക വിനിയോഗിക്കാൻ തീരുമാനം; പ്രവർത്തന സമയം വർധിപ്പിക്കാനും തീരുമാനം…
ഇരിങ്ങാലക്കുട : നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ഹെവൻശ്രീ ഗ്രൂപ്പിലെ പതിനേഴ് ജീവനക്കാരുടെ വേതന പ്രശ്നത്തിന് പരിഹാരം. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ, ശുചിത്വമിഷൻ കോർഡിനേറ്റർ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാറിൻ്റെ അധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായിട്ടുള്ളത്. നഗരസഭ പരിധിയിൽ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ കൺസോർഷ്യത്തിൽ നിന്നും ഇവരുടെ തന്നെ വിഹിതവും പ്ലാസ്റ്റിക് വിറ്റ് കിട്ടുന്ന പണവും ഇതിനായി ചിലവഴിക്കാനായി തീരുമാനിച്ചിട്ടുള്ളത്. ആഗസ്റ്റ് ഒന്ന് മുതലാണ് തീരുമാനം നടപ്പിലാക്കുക. അതേ സമയം ഹെവൻശ്രീ അംഗങ്ങളുടെ ജോലി സമയം എഴ് മുതൽ മൂന്ന് മണി വരെ ആക്കി കൂട്ടിയിട്ടുണ്ട്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നാണ് ഇത് വരെ ഹെവൻശ്രീ അംഗങ്ങൾക്ക് വേതനം നൽകി വന്നിരുന്നത്. തനത് ഫണ്ടിൽ നിന്നും നൽകുനന്നതിനെതിരെ സർക്കാർ ഉത്തരവും ഓഡിറ്റ് വിയോജിപ്പുകളും വന്ന സാഹചര്യത്തിലും കൺസോർഷ്യത്തിൽ നിന്നും വേതനം നൽകുന്നതിനെതിരെ ഹരിത കർമ്മ സേനാംഗങ്ങളും രംഗത്ത് വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.തനത് ഫണ്ടിൽ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പാർലമെൻ്ററി പാർട്ടി ലീഡർമാർ, നഗരസഭ ഉദ്യോഗസ്ഥർ, ഹെവൻശ്രീ,ഹൈജീൻശ്രീ, ക്ലീൻ ശ്രീ, ഹരിതകർമ്മ സേന പ്രതിനിധികൾ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.