ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം; സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി…

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം; സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി…

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരേ എബിവിപി പ്രവർത്തകർ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.പന്ത്രണ്ട് മണിയോടെയാണ് പട്ടണത്തെ മുൾമുനയിൽ നിറുത്തിയ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് ബോയ്സ് ഹൈസ്കൂളിൻ്റെ മുന്നിൽ നിന്നാണ് ആരംഭിച്ചത്. മാർച്ച് തടയാൻ ആൽത്തറ പരിസരത്ത് ഡിവൈഎസ്പി എസ് സുരേഷിൻ്റെ നേത്യത്വത്തിൽ വൻ പോലീസ് സംഘം ബാരിക്കേഡുകൾ ഒരുക്കി തയ്യാറായി നിന്നിരുന്നു. ബാരിക്കേഡുകൾക്ക് അടുത്തേക്ക് ഇരച്ച് എത്തിയ വിദ്യാർഥികൾ സർക്കാരിനും മന്ത്രിക്കുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വർ പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. വിദേശത്തേക്കുള്ള വിദ്യാർഥി കുടിയേറ്റത്തെ വകുപ്പ് മന്ത്രി ന്യായീകരിക്കുകയാണെന്ന് ഉദ്ഘാടകൻ കുറ്റപ്പെടുത്തി. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ് അക്ഷയ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി യദുകൃഷ്ണൻ സ്വാഗതവും സംസ്ഥാന സമിതി മെമ്പർ മന്യ നന്ദിയും പറഞ്ഞു. യോഗം അവസാനിച്ച അടുത്ത നിമിഷത്തിൽ തന്നെ വിദ്യാർഥികൾ വീണ്ടും ബാരിക്കേഡുകൾ തള്ളി നീക്കാനും മുകളിൽ കയറാനും ശ്രമിച്ചു. തുടർന്ന് ഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള സമരം അവസാനിപ്പിക്കാൻ പോലീസ് ആവശ്യപ്പെട്ടു. വിദ്യാർഥികൾ സമരം തുടർന്നതോടെ പെൺകുട്ടികൾ അടക്കമുള്ള എബിവിപി പ്രവർത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാർഥികൾ ചെറുത്തതോടെ പെൺകുട്ടികൾ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ച് ജീപ്പിലും തുടർന്ന് എത്തിയ വാനിലും കയറ്റുകയായിരുന്നു. വാനിലും സമരക്കാർ പ്രതിഷേധ മുദ്രാവാക്യങ്ങൾ തുടർന്നു. സമര പരിപാടികൾ അവസാനിച്ച് മുഴുവൻ പ്രവർത്തകരും പിരിഞ്ഞ് പോയതിന് ശേഷമാണ് പ്രധാന വീഥിയിലൂടെയുള്ള ഗതാഗതം പുനരാരംഭിച്ചത്.

Please follow and like us: