നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; ഭക്തജനങ്ങളുടെ മനം കവർന്ന് രാംലല്ലയുടെ വേഷമിട്ട എട്ടുവയസ്സുകാരി

നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; ഭക്തജനങ്ങളുടെ മനം കവർന്ന് രാംലല്ലയുടെ വേഷമിട്ട എട്ടുവയസ്സുകാരി …
ഇരിങ്ങാലക്കുട :കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. കോരിച്ചൊരിഞ്ഞ മഴയെയും അവഗണിച്ച് ആയിരങ്ങളാണ് ആദ്യദിനത്തിൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയത്. മഴ നനയാതെ ദർശനം നടത്താനുള്ള പന്തൽ, വഴിപാടുകൾക്കായി കൂടുതൽ കൗണ്ടറുകൾ, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, അന്നദാനം , പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലും ഒരുക്കിയിട്ടുള്ളത്. കൂടൽമാണിക്യ ക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയോടെ തന്നെ നട തുറന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അടച്ചത്. പായമ്മൽ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ച് മണിക്ക് നട തുറന്ന് രണ്ട് മണിയോടെയാണ് അടച്ചത്. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി നാല് സർവീസുകളാണ് ആദ്യദിനത്തിൽ നടത്തിയത്. ഡിടിഡിസി യുടെ നേതൃത്വത്തിൽ പ്രത്യേക സർവീസും നടത്തിയിരുന്നു.
രാംലല്ലയുടെ വേഷമിട്ട് ദർശനം നടത്തിയ എട്ടുവയസ്സുകാരി ആദ്യദിനത്തിൽ തീർഥാടകരുടെ മനം കവർന്നു. വടൂക്കര മാടമ്പിക്കാട്ടിൽ പ്രശാന്ത് – പ്രിയ ദമ്പതികളുടെ മകളായ പ്രണയയാണ് ശ്രീരാമ വേഷമിട്ട് അമ്പും വില്ലും കയ്യിലേന്തി പുലർച്ചെ തന്നെ മാതാപിതാക്കൾക്കൊപ്പം ദർശനത്തിന് എത്തിയത്. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ രാംലല്ല വേഷമിട്ട് നൃത്തം ചെയ്യാൻ മോഹിക്കുന്ന പ്രണയയുടെ ആഗ്രഹം നിറവേറ്റാൻ മാതാപിതാക്കൾ ശ്രമം നടത്തിയിരുന്നു. അയോധ്യ സന്ദർശനം നീളുമെന്ന് വ്യക്തമായതോടെ രാംലല്ല വേഷമണിഞ്ഞ് നാലമ്പലദർശനം നടത്തുകയായിരുന്നു. വടൂക്കര ഗുരുവിജയം സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയാണ്.
Please follow and like us: