നാലമ്പല തീർത്ഥാടനം; വിപുലമായ സൗകര്യങ്ങളോടെ അരിപ്പാലം പായമ്മൽ ദേവസ്വം ….
ഇരിങ്ങാലക്കുട : നാലമ്പല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ അരിപ്പാലം പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രത്തിൽ പൂർത്തിയായി. മഴ നനയാതെയും വെയിൽ എല്ക്കാതെയും ഒരേ സമയം ആറായിരത്തോളം പേർക്ക് നില്ക്കാനുള്ള പന്തൽ, ഒരേ സമയം അയ്യായിരം പേർക്ക് പ്രസാദ ഊട്ടിനുള്ള സൗകര്യങ്ങൾ, കുടിവെള്ളം, ഫാൻ, സിസിടിവി , പൂമംഗലം പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിൻ്റെ നേത്യത്വത്തിൽ മെഡിക്കൽ ടീം, പോലീസ് എയ്ഡ് പോസ്റ്റ്, എന്നിവ ഇത്തവണയും സജ്ജീകരിച്ചിട്ടുണ്ടെന്ന് പായമ്മൽ ദേവസ്വം സെക്രട്ടറി രമേഷ് എലിഞ്ഞിക്കോട്ടിൽ, സേവാസമിതി സെക്രട്ടറി സതീഷ് ചാർത്താംകുടത്ത് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പാർക്കിംഗിനായി ക്ഷേത്രത്തിൻ്റെ വടക്കേ ഭാഗത്തുള്ള സ്വന്തം സ്ഥലത്തും കിഴക്കേ ഭാഗത്ത് ട്രാൻസ്പോർട്ട് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. പുലർച്ചെ 5.30 മുതൽ ദർശനം ആരംഭിക്കും. ഒഴിവ് ദിവസങ്ങളിൽ ഒരു ലക്ഷത്തോളം തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഴുവൻ പേർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.