കൂടൽമാണിക്യ ദേവസ്വത്തിൽ സ്ഥിരം നിക്ഷേപം ചിലവഴിച്ചത് ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ ശരിയല്ലെന്നും മുൻദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ; സ്പെഷ്യൽ ക്യൂ സമ്പ്രദായം കൂടൽമാണിക്യത്തിൽ മാത്രമായി പ്രയോഗികമല്ലെന്നും മുൻ ചെയർമാൻ….
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ദേവസ്വത്തിൽ സ്ഥിരം നിക്ഷേപം ചിലവഴിച്ചത് ദേവസ്വം ജീവനക്കാർക്ക് ശമ്പളവും പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാനാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്പോൺസർമാരുടെയും നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെയാണെന്നും ദേവസ്വം മുൻചെയർമാൻ പ്രദീപ് മേനോൻ. വസ്തുതകൾ മനസ്സിലാക്കാതെ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ദേവസ്വം ഭരണസമിതി നടത്തിയ പ്രസ്താവന ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെയും കോവിഡിനെയും തുടർന്ന് ക്ഷേത്ര വരുമാനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചപ്പോൾ വേറെ മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. ആറ് കൊല്ലം കൊണ്ട് ഒൻപത് കോടിയോളം രൂപയാണ് പ്രസ്തുത ആവശ്യങ്ങൾക്കായി ചിലവഴിച്ചത്. ആയിരം രൂപ ഈടാക്കി കൊണ്ട് നെയ്വിളക്ക് വഴിപാട് നടത്തുന്നവർക്ക് പ്രത്യേക ക്യൂ സമ്പ്രദായം നടപ്പിലാക്കുന്നത് അറിഞ്ഞപ്പോൾ ദേവസ്വം ഭരണസമിതിയെ ബന്ധപ്പെട്ടുവെങ്കിലും എല്ലാം ഒരുക്കങ്ങളും പൂർത്തിയായിയെന്ന മറുപടിയാണ് ലഭിച്ചത്. പ്രത്യേക ക്യൂവിന് താൻ എതിരല്ലെങ്കിലും മറ്റ് മൂന്ന് നാലമ്പലക്ഷേത്രങ്ങളിൽ ഇല്ലാത്ത സമ്പ്രദായം ഇവിടെ മാത്രം നടപ്പിലാക്കുന്നത് പ്രയോഗികമല്ലെന്ന നിലപാടാണ് തനിക്കുള്ളത്. ഉൽസവക്കാലത്ത് തിരുവാതിര സംഘങ്ങളിൽ നിന്നും നാണയപ്പറയുടെ പേരിൽ 1500 രൂപ ഈടാക്കാനുള്ള തീരുമാനം താൻ ഇടപെട്ടപ്പോൾ പിൻവലിച്ചിരുന്നു. സവർണാധിപത്യം പണാധിപത്യത്തിന് വഴിമാറുന്നതിനോട് യോജിപ്പില്ലെന്നും തിരക്ക് ഉൾക്കൊണ്ട് ദർശനം നടത്താനാണ് തയ്യാറാകേണ്ടതെന്നും മുൻചെയർമാൻ പറഞ്ഞു.