നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്നവരുടെ വേതനപ്രശ്നം; തനത് ഫണ്ടിൽ നിന്നും നൽകാൻ അടിയന്തര നഗരസഭ യോഗത്തിൽ തീരുമാനം; ഹരിതകർമ്മസേനയുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ നടപ്പിലാക്കുന്നതിൽ ഭരണ നേത്യത്വത്തിന് വീഴ്ച സംഭവിച്ചതായി എൽഡിഎഫ്; യോഗതീരുമാനത്തോട് വിയോജിച്ച് ബിജെപി….

നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്നവരുടെ വേതനപ്രശ്നം; തനത് ഫണ്ടിൽ നിന്നും നൽകാൻ അടിയന്തര നഗരസഭ യോഗത്തിൽ തീരുമാനം; ഹരിതകർമ്മസേനയുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ നടപ്പിലാക്കുന്നതിൽ ഭരണ നേത്യത്വത്തിന് വീഴ്ച സംഭവിച്ചതായി എൽഡിഎഫ്; യോഗതീരുമാനത്തോട് വിയോജിച്ച് ബിജെപി….

ഇരിങ്ങാലക്കുട : നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം തനത് ഫണ്ടിൽ നിന്ന് തന്നെ നൽകാൻ നഗരസഭയുടെ അടിയന്തരയോഗത്തിൽ തീരുമാനം. വിഷയത്തിൻ്റെ ശാശ്വത പരിഹാരത്തിനായി ഈ മാസം 17 ന് ജില്ലാ ശുചിത്വമിഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും കക്ഷി നേതാക്കളുടെയും ഹരിതകർമ്മസേനയിലെ വിവിധ യൂണിറ്റുകളുടെ ഭാരവാഹികളുടെയും യോഗം വിളിച്ച് ചേർക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ യോഗത്തിൽ അറിയിച്ചു. എന്നാൽ അടിയന്തര യോഗം അനാവശ്യമാണെന്നും നഗരസഭയുടെ വണ്ടികൾ തടഞ്ഞ ജീവനക്കാർക്കെതിരെ സെക്രട്ടറി പോലീസിൽ പരാതി നൽകേണ്ടതായിരുന്നുവെന്നും ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗരേഖ ഉള്ളതാണെന്നും ഹരിതകർമ്മസേനയിലെ വിവിധ യൂണിറ്റുകളിൽ ഉൾപ്പെടുന്നവരെ ഒരേ പോലെ ജോലി ചെയ്യിക്കുന്ന സംവിധാനമാണ് വേണ്ടതെന്നും സർക്കാർ ഉത്തരവിന് വിരുദ്ധമായി തനത് ഫണ്ടിൽ നിന്നും ശമ്പളം നൽകുന്നത് വഴിയുള്ള ബാധ്യത ഏറ്റെടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ അറിയിച്ചു. ജോലി ചെയ്യുന്നവർക്ക് കൃത്യമായ കൂലി ലഭിക്കണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്നും വിഷയത്തിൽ തൽസ്ഥിതി തുടരണമെന്നും എല്ലാവരെയും വിളിച്ച് ചേർത്ത് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ ആവശ്യപ്പെട്ടു. ഹരിത കർമ്മസേനയെ ഒരു കുടക്കീഴിൽ കൊണ്ട് വരണമെന്ന് യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ സോണിയ ഗിരി ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പ് തന്നെ മാലിന്യങ്ങൾ വേർതിരിക്കുന്ന ജീവനക്കാരെ ഹരിതകർമ്മസേനയിൽ ഉൾപ്പെടുത്തിയതാണെന്നും മാർഗ്ഗരേഖ നേരത്തെ തന്നെ ലഭ്യമായിരുന്നുവെന്നും നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിക്കുന്നതിൽ ചെയർപേഴ്സനും വീഴ്ച വരുത്തിയതാണെന്നും വാർഡ് കൗൺസിലർ കൂടിയായ സിപിഐ പ്രതിനിധി അഡ്വ ജിഷ ജോബി പറഞ്ഞു. ജനകീയ സമരങ്ങളെ അപഹസിക്കുന്ന ബിജെപി നിലപാട് ശരിയല്ലെന്നും നിരവധി തവണ കൗൺസിൽ യോഗങ്ങളിൽ ആഭാസകരമായ നടപടികൾ സ്വീകരിച്ചവരാണ് ബിജെപി അംഗങ്ങളെന്നും ജിഷ ജോബി കുറ്റപ്പെടുത്തി. എം ആർ ഷാജു, ജെയ്സൻ പാറേക്കാടൻ, ടി കെ ഷാജു, പി ടി ജോർജ്ജ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. യോഗത്തിൽ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.

Please follow and like us: