വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന അണ്ണല്ലൂർ സ്വദേശി ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ….
ഇരിങ്ങാലക്കുട : വീട്ടമ്മയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസ്സിൽ യുവാവ് അറസ്റ്റിലായി. അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടി അറസ്റ്റ് ചെയ്തത്. ജൂൺ പത്തൊൻപതാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. ഗ്യാസ് സിലിണ്ടർ പിടിക്കാൻ സഹായത്തിനായി വിളിച്ച ശേഷം കയറിപ്പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് പോലീസിൽ പരാതിയും നൽകി. സംഭവശേഷം സ്ഥലം വിട്ട ഇയാൾ
പട്ടികജാതി പീഡന നിയമപ്രകാശം പോലീസ് കേസെടുത്തതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. തുടർന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.
പടിഞ്ഞാറേ ചാലക്കുടിയിൽ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ച് താമസിക്കുന്നിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പോലീസ് സംഘമെത്തി പിടികൂടിയത്. വിശദമായ അന്വേഷണത്തിൽ ലഭിച്ച സൂചനകളെത്തുടർന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്.
നിയമ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. കെ.കെ.പ്രസാദ്, എ.എസ്.ഐ. എം.സുമൽ, സീനിയർ സി.പി.ഒ സിദീജ, ഇ.എസ്.ജീവൻ, സി.പി.ഒ കെ.എസ്.ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.