വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ പകയാണ് തനിക്ക് വിജയം സമ്മാനിച്ചതെന്നും ആർത്തി പൂണ്ട് കേരളത്തെ നശിപ്പിച്ചവർക്ക് 2026 ൽ തിരിച്ചടി നൽകുമെന്നും നമ്മുടെ ത്രിപുര പോലെ നമ്മുടെ കേരളവും യാഥാർഥ്യമാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി….
ഇരിങ്ങാലക്കുട : വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ പകയാണ് തനിക്ക് വിജയം സമ്മാനിച്ചതെന്ന് കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപി യുമായ സുരേഷ്ഗോപി. ആർത്തി പൂണ്ട് കേരളത്തെ നശിപ്പിച്ചവർക്ക് 2026 ൽ തിരിച്ചടി നൽകുമെന്നും നമ്മുടെ ത്രിപുര പോലെ നമ്മുടെ കേരളവും യാഥാർഥ്യമാകുന്ന മുഹൂർത്തങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം എറ്റ് വാങ്ങികൊണ്ട് സുരേഷ് ഗോപി പറഞ്ഞു. ലോകം മുഴുവനായി വ്യാപിച്ച് കിടക്കുന്ന മലയാളികളുടെ പ്രാർഥനകളുടെ ഫലം കൂടിയാണ് വിജയം. പ്രവർത്തകരും നന്നായി പണിയെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജില്ലാ പ്രസിഡണ്ട് ബൂത്ത് തോറും പണി എടുപ്പിച്ച് തൻ്റെ നടുവൊടിച്ചിട്ടുണ്ട്. ഇനി എംപി യുടെ ജോലി അനീഷും ഭാരവാഹികളും എറ്റെടുക്കണം. നിവേദനങ്ങൾ വേർതിരിച്ച് സാധ്യത ഉള്ളത് മാത്രം തനിക്ക് അയക്കേണ്ട ജോലി അനീഷും ഭാരവാഹികളും നിർവഹിക്കണം. അടുത്ത അമ്പത് വർഷത്തേക്കുള്ള പ്രവർത്തനമാണ് ചെയ്യാനുള്ളത്. എല്ലാ മാസവും സിനിമ ചെയ്യുമെന്നും മുൻപ് പ്രഖ്യാപിച്ചിട്ടുള്ളത് പോലെ തമിഴ്നാട്ടിലെ മണ്ഡലങ്ങളുടെ കാര്യങ്ങളും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ, സംസ്ഥാന, ജില്ലാ , മണ്ഡലം നേതാക്കളായ ഉണ്ണികൃഷ്ണൻ മാസ്റ്റർ, അജിഘോഷ്, കവിത ബിജു, ലോചനൻ അമ്പാട്ട്, കെ സി വേണു മാസ്റ്റർ, സണ്ണി കവലക്കാട്ട്, എ വി രാജേഷ്, വിപിൻ പാറേമക്കാട്ടിൽ, എ ആർ ജയചന്ദ്രൻ, അയ്യപ്പൻ മനയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. ആളൂർ മണ്ഡലം പ്രസിഡന്റ് പി എസ് സുബീഷ് സ്വാഗതവും മണ്ഡലം ജന. സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് നന്ദിയും പറഞ്ഞു.