സാമ്പത്തിക പ്രതിസന്ധി; കരാറുകാരന് ഫണ്ട് ലഭിച്ചില്ല; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തളിയക്കോണം സ്റ്റേഡിയത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ സ്തംഭിച്ചു…
ഇരിങ്ങാലക്കുട :ഫണ്ട് പ്രശ്നത്തെ ചൊല്ലി തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 39 ൽ ആരംഭിച്ച തളിയക്കോണം സ്റ്റേഡിയം നവീകരണ പ്രവ്യത്തികൾ സ്തംഭിച്ചു. ആറ് മാസത്തെ നിർമ്മാണ കാലാവധി പ്രഖ്യാപിച്ച് കൊണ്ട് 2023 മാർച്ച് 26 നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രൊഫ കെ യു അരുണൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 75 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി ചിലവഴിക്കുന്നത്. ഫുട്ബോൾ ഉൾപ്പെടെയുള്ള കളികൾക്കായി മഡ് കോർട്ട് നിർമ്മാണം, മൈതാനം നിരപ്പാക്കൽ, സംരക്ഷണ ഭിത്തി നിർമ്മാണം, വൈദ്യുതീകരണം എന്നീ പ്രവൃത്തികൾ സ്പോർട്സ് കൗൺസിലിൻ്റെ നേത്യത്വത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കോഴിക്കോട് സ്വദേശിയായ മനീഷാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരുന്നത്. അൻപത് ശതമാനം പണികളും പൂർത്തിയാക്കി 35 ലക്ഷം രൂപയുടെ ബിൽ കരാറുകാരൻ സമർപ്പിച്ചിട്ട് ആറ് മാസങ്ങളായി . ഫണ്ട് ലഭിക്കാഞ്ഞതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയിലാണ്. പൊറത്തിശ്ശേരി മേഖലയിലെ യുവാക്കൾ ഞായർ ഉൾപ്പെടെയുള്ള അവധി ദിനങ്ങളിൽ കായിക വിനോദങ്ങൾക്കായി ആശ്രയിച്ചിരുന്ന സ്റ്റേഡിയമാണിത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിച്ചില്ലെങ്കിൽ വാർഡ് കൗൺസിലർ ടി കെ ഷാജുട്ടൻ്റെ നേത്യത്വത്തിൽ എംഎൽഎ ഓഫീസിന് മുന്നിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് വാർഡ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. നൽകിയ ബിൽ അനുസരിച്ചുള്ള തുക രണ്ടാഴ്ചക്കുള്ളിൽ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും കരാറുകാരൻ വ്യക്തമാക്കിയിട്ടുണ്ട്.