മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പൊള്ളിക്കുന്ന അടിമ ജീവിതം പറഞ്ഞ് ” ബിഹൈൻഡ് ദി മിസ്റ്റ് ” ; ഋതു – പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി…
ഇരിങ്ങാലക്കുട : വനം വകുപ്പ്, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന ഋതു പരിസ്ഥിതി ചലച്ചിത്രമേളയുടെ സമാപനദിനത്തിൽ ശ്രദ്ധ നേടിയത് മൂന്നാറിലെ മഞ്ഞിൻ്റെ തിരശ്ശീലക്കുള്ളിലെ പൊള്ളിക്കുന്ന അടിമ ജീവിതത്തിൻ്റെ ദൃശ്യങ്ങൾ ആവിഷ്ക്കരിച്ച ” ബിഹൈൻഡ് ദി മിസ്റ്റ് “. തമിഴ്നാട്ടിൽ നിന്നും തൊഴിൽ തേടിയെത്തിയ തോട്ടം തൊഴിലാളികളുടെ ദൈന്യതകൾ നിറഞ്ഞ ജീവിതമാണ് ആക്റ്റിവിസ്റ്റും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ സംവിധായകൻ ബാബു കാമ്പ്രത്ത് 29 മിനിറ്റുകളിലായി പകർത്തിയിരിക്കുന്നത്. വിവിധ ചലച്ചിത്ര മേളകളിൽ ഇടം പിടിച്ച പത്തോളം ഡോക്യുമെൻ്ററികളും സമാപനദിനത്തിൽ പ്രദർശിപ്പിച്ചു. സംവിധായകരായ മരിയ ട്രീസ ജോസഫ്, ബാബു കാമ്പ്രത്ത്, സീന കാപ്പിരി , രഞ്ജിത്ത് മാധവൻ എന്നിവരെ ക്രൈസ്റ്റ് കോളേജ് ജിയോളജി വകുപ്പ് റിട്ട പ്രൊഫസർ എസ് ശ്രീകുമാർ, ചലച്ചിത്ര നിരൂപകയും കോളേജ് അധ്യാപികയുമായ അനു പാപ്പച്ചൻ, ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക്, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ എന്നിവർ ആദരിച്ചു.