സീഡ് പേപ്പറിൽ ഡെലഗേറ്റ് പാസൊരുക്കി ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജ്, പീച്ചി വൈൽഡ് ഡിവിഷൻ, തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂൺ 27, 28 തിയ്യതികളിൽ നടത്തുന്ന ഋതു – അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം പരിസ്ഥിതി സൗഹാർദ്ദപരത കൊണ്ട് വ്യത്യസ്തമാകുന്നു. ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഡെലഗേറ്റ് പാസുകളെല്ലാം സീഡ് പേപ്പറിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചാലും ചെടികളായി മുളയ്ക്കുന്ന രീതിയിൽ വിത്തുകൾ നിറച്ചു വെച്ചാണ് സീഡ് പേപ്പർ ഒരുക്കിയിരിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കോ മെയ്ഡ് എന്ന സംരംഭത്തിൻ്റെ സ്ഥാപകനായ സൂരജാണ് സീഡ് പേപ്പറിലുള്ള പാസുകൾ ഒരുക്കി നൽകിയത്. കാലുകൾ തളർന്ന് ശാരീരികമായ പരിമിതികൾ അനുഭവിക്കുന്ന സാഹചര്യത്തിലും വ്യത്യസ്തമായ ആശയങ്ങളുമായി മുന്നോട്ടു പോവുകയാണ് കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ സൂരജ്. ക്ഷണപത്രങ്ങളും നോട്ടീസുകളുമെല്ലാം അദ്ദേഹം സീഡ് പേപ്പറിൽ തയ്യാറാക്കി നൽകുന്നുണ്ട്. ഹെലൻ കെല്ലർ അവാർഡ്, ബെസ്റ്റ് സോഷ്യൽ എൻ്റർപ്രണർ അവാർഡ്, എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അതോടൊപ്പം ഡൽഹിയിൽ നിന്ന് കാർഗിൽ വരെ 2500 കി.മീ സൈഡ് വീലർ സ്കൂട്ടറിൽ നടത്തിയ ബോധവത്കരണ യാത്രയുടെ പേരിൽ ഗ്ലോബൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് സൂരജ്.