പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയും 19 % കുടിശ്ശികയും ക്ഷാമാശ്വാസവും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം …
ഇരിങ്ങാലക്കുട : പതിനൊന്നാം ശമ്പള പരിഷ്ക്കരണ കുടിശ്ശികയും 19 % കുടിശ്ശികയും ക്ഷാമാശ്വാസവും അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ആറാം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും 2010 മാർച്ച് വരെ റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ പരിശീലനകാലം സർവീസായി പരിഗണിച്ച് ആനുകൂല്യം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എംസിപി കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. അഡ്വ ജെബി മേത്തർ എം പി അധ്യക്ഷത വഹിച്ചു. റിട്ട ഡിജിപി ഋഷിരാജ്സിംഗ് ഐപിഎസ് ആശംസകൾ നേർന്നു. സംസ്ഥാന പ്രസിഡണ്ട് പി കെ ലംബോദരൻനായർ സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ കല്ലറ നന്ദിയും പറഞ്ഞു. ഉച്ചക്കഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനം അജിത ബീഗം ഐപിഎസ് ഉദ്ഘാടനം ചെയ്തു. പി കെ ലംബോദരൻനായർ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ്, പി ശങ്കര നാരായണൻ, കെ ശ്രീകുമാർ, എന്നിവർ ആശംസകൾ നേർന്നു. ബാലകൃഷ്ണൻ കല്ലറ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോസ് പീറ്റർ കണക്കുകളും കെ പി പോൾ ഓഡിറ്റ് റിപ്പോർട്ടും കെ മണികണ്ഠൻനായർ പ്രമേയങ്ങളും അവതരിപ്പിച്ചു. ജനറൽ കൺവീനർ കെ എം ആൻ്റണി ഐപിഎസ് സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി . പി കെ ലംബോദരൻനായർ (പ്രസിഡണ്ട്) , ബാലക്യഷ്ണൻ കല്ലറ (സംസ്ഥാന ജനറൽ സെക്രട്ടറി) , ജോസ് പീറ്റർ ( സംസ്ഥാന ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.