ഷൊർണൂർ – കൊടുങ്ങല്ലൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം….
തിരുവനന്തപുരം: ഷൊർണൂർ കൊടുങ്ങല്ലൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിച്ച് വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രിയോടൊപ്പം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു.നടവരമ്പ് അണ്ടാണിക്കുളം ഭാഗത്ത് നിന്നും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കുന്നതിനും അതിനായുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉടൻ ആരംഭിക്കാനും ധാരണയായി.
റോഡ് നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്താനും പുരോഗതി പൊതുമരാമത്ത് സെക്രട്ടറി നേരിട്ട് നിരീക്ഷിക്കാനും,ജില്ലാ കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ നിർദ്ദേശമുണ്ടായി.മാസത്തിലൊരിക്കൽ റോഡ് നിർമ്മാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ യോഗം ചേരുന്നതിനും തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു കെ ഐ.എ.എസ് വരുംദിവസങ്ങളിൽ റോഡുകൾ സന്ദർശിച്ച് പ്രവർത്തനം ഏകോപിപ്പിക്കും.
നിർമ്മാണ പ്രവർത്തികളുടെ സുഖമമായ നടത്തിപ്പിനായി ഉദ്യോഗസ്ഥർ, നിർമ്മാണ കമ്പനി പ്രതിനിധികൾ,ബസ്സുടമകൾ എന്നിവരുമായി ശനിയാഴ്ച കളക്ടറേറ്റിൽ യോഗം ചേരുന്നുണ്ടെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ്,ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു,റവന്യു മന്ത്രി കെ.രാജൻ,എം.എൽ.എ മാരായ എ.സി.മൊയ്തീൻ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി,വി.ആർ സുനിൽകുമാർ, സി.സി. മുകുന്ദൻ, പൊതുമരാമത്ത് സെക്രട്ടറി ബിജു. കെ ഐ.എ.എസ്, കെ.എസ്.ടി.പി ഉദ്യേഗസ്ഥർ എന്നിവരും തൃശൂർ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ ഐ.എ.എസ് ഓൺലൈനായും പങ്കെടുത്തു.