പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂൺ 23, 24 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; വിവിധ ജില്ലകളിൽ നിന്നായി പങ്കെടുക്കുന്നത് നാലായിരത്തോളം പേർ….
ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസ്സോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം ജൂൺ 23, 24 തീയതികളിൽ ഇരിങ്ങാലക്കുട എംസിപി കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. 24 ന് രാവിലെ 10. 30 ന് നടക്കുന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ ജെബി മേത്തർ എം പി അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ്, റിട്ട. ഡിജിപി ഋഷിരാജ് സിംഗ് തുടങ്ങിയവർ പങ്കെടുക്കും. നാലായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ കെ എം ആൻ്റണി റിട്ട. ഐപിഎസ് , മുൻ ജില്ലാ പ്രസിഡന്റ് വി വി ശശികുമാർ റിട്ട. ഡിവൈഎസ്പി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പതിനൊന്നാം ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കുമെന്നും സംഘാടകർ അറിയിച്ചു. 12 മണിക്ക് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 1.30 ന് പ്രതിനിധി സമ്മേളനവും നടക്കും. 23 ന് രാവിലെ 11 ന് ഇരിങ്ങാലക്കുട ലയൺസ് ഹാളിൽ സംസ്ഥാന നിർവ്വാഹക സമിതി യോഗവും രണ്ടിന് സംസ്ഥാന കമ്മിറ്റി യോഗവും നടക്കും.സംസ്ഥാന സംസ്ഥാന വൈസ്-പ്രസിഡണ്ട് സി എസ് ഗോപാലകൃഷ്ണൻ, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് കെ പി പ്രേംജൻ, സെക്രട്ടറി ഇ ജെ ക്ലീറ്റസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.