അങ്കമാലി അതിരൂപതയിലെ കുർബാന സർക്കുലർ ; എറണാകുളം, അങ്കമാലി അതിരൂപതയിലെ വൈദികർക്ക് പിന്തുണയുമായി ഇരിങ്ങാലക്കുട രൂപതയിലെ 89 വൈദികർ…

അങ്കമാലി അതിരൂപതയിലെ കുർബാന സർക്കുലർ ; എറണാകുളം, അങ്കമാലി അതിരൂപതയിലെ വൈദികർക്ക് പിന്തുണയുമായി ഇരിങ്ങാലക്കുട രൂപതയിലെ 89 വൈദികർ…

 

ഇരിങ്ങാലക്കുട : ജൂൺ 9ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും എറണാകുളം അങ്കമാലി അതിരൂപത അഡ്‌മിനി‌സ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും ചേർന്ന് വിശുദ്ധ കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലറിനെതിരെ ഇരിങ്ങാലക്കുട രൂപതയിൽ വൈദികരുടെ പ്രതിഷേധം.

 

സർക്കുലറിൽ പ്രതിഷേധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്കും സന്യസ്ഥർക്കും വിശ്വാസികൾക്കും ഇരിങ്ങാലക്കുടയിലെ വൈദികർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

 

മെത്രാപ്പോലീത്തൻ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി സീറോ മലബാർ സഭ ഉയർത്തി, റോമിൽ നിന്ന് അംഗീകാരം നേടുന്ന രീതിയിൽ സ്വയാധികാര സഭയായി തീർന്നതിനുശേഷം വിശുദ്ധിയും വിവേകവും വിജ്ഞാനവുമില്ലാത്തതും അതേസമയം ചങ്ങനാശ്ശേരി ലോബിയുടെ കൽദായ ആരാധനാക്രമ സംബന്ധമായ സ്ഥാപിത താല്പര്യങ്ങൾ നടപ്പിലാക്കുന്നതിന് കൂട്ടുനിൽക്കുന്നവരുമായ മെത്രാന്മാരെ തെരഞ്ഞെടുക്കാൻ തുടങ്ങിയപ്പോഴാണ് സീറോ മലബാർ സഭയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് വൈദികർ പറയുന്നു.

 

വൈദികരോടും വിശ്വാസികളോടും സംവദിക്കാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സീറോ മലബാർ സഭയിലെ ഇന്നത്തെ മെത്രാന്മാർക്ക് കഴിയുന്നില്ലെന്നും ഇവർ ആരോപിച്ചു.എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ സർക്കുലർ ഇറക്കി ആറര ലക്ഷം വരുന്ന വിശ്വാസികളെയും 400ലധികം വരുന്ന വൈദികരെയും വിശുദ്ധ കുർബാനയിലെ വളരെ അപ്രസക്തമായ ഒരു അനുഷ്ഠാനത്തിന്റെ പേരിൽ പൗരസ്ത്യ സഭ നിയമസംഹിതയിൽ ഇല്ലാത്ത സ്വാഭാവിക മഹറോൻ ശിക്ഷയും ശീശ്മയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയവും നിന്ദ്യവും പൈശാചികവും ആണെന്ന് ഇരിങ്ങാലക്കുട രൂപതയിലെ 89 വൈദികർ ഒപ്പിട്ട കത്തിൽ പറയുന്നു.

Please follow and like us: